മുംബൈ: ആഭ്യന്തര മത്സരങ്ങളിൽ നിന്നും മനപ്പൂർവ്വം വിട്ടുനിന്നെന്ന ആരോപണത്തെ തുടർന്ന് ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ സീനിയർ കളിക്കാരുടെ പട്ടികകളിലൊന്നും ഉൾപ്പെടുത്താതെ ബിസിസിഐ പുതിയ കരാർ പുറത്തിറക്കി. ഐപിഎല്ലിൽ പങ്കെടുക്കുന്നതിന്റെ മുന്നൊരുക്കത്തിനായി ഇരുവരും രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കുകയായിരുന്നു എന്നാണ് ആരോപണം ഉയർന്നത്. ഇതിനെതിരെ ശക്തമായ നടപടയുണ്ടാവുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും പുതിയ കരാറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
“ഈ റൗണ്ട് ശുപാർശകളിൽ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും വാർഷിക കരാറുകളിലേക്ക് പരിഗണിച്ചിട്ടില്ലെന്ന് ദയവായി ശ്രദ്ധിക്കുക,”രണ്ട് കളിക്കാരെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ട് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ച എംസിഎ-ബികെസി ഗ്രൗണ്ടിൽ തമിഴ്‌നാടിനെതിരെ ആരംഭിക്കുന്ന സെമിഫൈനലിൽ രഞ്ജി ട്രോഫി ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ അയ്യർ, ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പുറം വേദന കാരണം ഒഴിവാക്കി. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് സയൻസ് ആന്റ് മെഡിസിൻ മേധാവി നിതിൻ പട്ടേൽ സെലക്ടർമാർക്ക് അയച്ച മെയിലിൽ, ‘പുതിയ പരിക്കുകളൊന്നുമില്ലെന്നുംഅയ്യർ ‘ഫിറ്റ്’ ആണെന്നും സ്ഥിരീകരിച്ചിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇഷാൻ കിഷൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയതിന് ശേഷം ജാർഖണ്ഡിനായി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി പുതിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം ഇഷാൻ പരിശീലനം നടത്തുന്നതായി കാണപ്പെട്ടു. ഇതിന് പിന്നാലെയാണ് കിഷനും ബോർഡിന്റെ കരാറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
ബുധനാഴ്ചത്തെ റിലീസിൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഏറ്റവും ഉയർന്ന ഗ്രേഡ് A+ ലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അവർക്ക് പിന്നാലെ ആർ അശ്വിൻ, മൊഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, എന്നിവർ എ ഗ്രേഡിലും സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്സ്വാൾ എന്നിവർ എന്നിവർ ബി ഗ്രേഡിലുമാണ് ഇടം പിടിച്ചിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസണും ബിസിസിഐയുടെ പുതിയ കരാറിൽ ഇടം പിടിച്ചിട്ടുണ്ട്. സി ഗ്രേഡിലുള്ള താരങ്ങളുടെ പട്ടികയിലാണ് സഞ്ജുവിനെ ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്. റിങ്കു സിംഗ്, തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശാർദുൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, അർഷ്ദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസീത് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ എന്നിവരെല്ലാം സി ഗ്രേഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഇത് കൂടാതെ നിശ്ചിത കാലയളവിനുള്ളിൽ കുറഞ്ഞത് 3 ടെസ്റ്റുകളോ 8 ഏകദിനങ്ങളോ 10 T20Iകളോ കളിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന അത്‌ലറ്റുകളെ പ്രോ-റേറ്റാ അടിസ്ഥാനത്തിൽ ഗ്രേഡ് സിയിൽ സ്വയമേവ ഉൾപ്പെടുത്തും. ഉദാഹരണത്തിന്, ധ്രുവ് ജൂറലും സർഫറാസ് ഖാനും ഇതുവരെ 2 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അവർ ധർമ്മശാല ടെസ്റ്റ് മത്സരത്തിൽ, അതായത്, ഇംഗ്ലണ്ടിനെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ പങ്കെടുക്കുകയാണെങ്കിൽ ഗ്രേഡ് സിയിൽ ഉൾപ്പെടുത്തുമെന്നും ബിസിസിഐ വ്യക്തമാക്കി.
ആകാശ് ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യാഷ് ദയാൽ, വിദ്വത് കവേരപ്പ എന്നിവർക്ക് ഫാസ്റ്റ് ബൗളിംഗ് കരാറുകളും സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ ടീമിനെ പ്രതിനിധീകരിക്കാത്ത കാലഘട്ടത്തിൽ എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകണമെന്നും ബിസിസിഐ വ്യക്തമാക്കി.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്