ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ശ്രദ്ധേയമായ തിരിച്ചുവരവാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തിയത്. ഒരു കളി അവശേഷിക്കുന്ന പരമ്പരയിൽ 3-1 നിലയിൽ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ബാസ്ബോൾ കാലഘട്ടത്തിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ പരാജയം കൂടിയാണ് ഈ പരമ്പര.
ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം, വമ്പൻ താരങ്ങളുടെ പേരുകൾ മുഴങ്ങിക്കേട്ടില്ലെങ്കിലും, സമ്മർദ്ദത്തെ മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരുകൂട്ടം യുവതാരങ്ങളുടെ ഗംഭീര പ്രകടനം ഉയർന്നു വന്നിരുന്നു. താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലും ഫീൽഡിലെ തന്ത്രങ്ങൾ മെനയുന്നതിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പങ്കും പ്രശംസിക്കപ്പെട്ടു.
നാലാം ടെസ്റ്റിലെ വിജയത്തോടെ രോഹിത് ശർമ്മ തന്റെ കരിയറിലെ മറ്റൊരു നേട്ടത്തിനുകൂടി സാക്ഷിയായി. ഇതോടെ ടെസ്റ്റ് മത്സരങ്ങിലെ ക്യാപ്റ്റനെന്ന നിലയിൽ സുനിൽ ഗവാസ്‌കറുടെ വിജയങ്ങളുടെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത്. 15 മത്സരങ്ങളിൽ നിന്ന് 9 വിജയം നേടിയാണ് രോഹിത്, ഇതിഹസ താരത്തിന്റെ റെക്കോർഡിനൊപ്പം എത്തിയത്. 47 മത്സരങ്ങളിൽ നിന്നാണ് ഗവാസ്‌കർ 9 വിജയം നേടിയത്.
68 മത്സരങ്ങളിൽ നിന്ന് 40 വിജയങ്ങളുമായി വിരാട് കോഹ്ലിയാണ് മുന്നിൽ. 60 മത്സരങ്ങളിൽ നിന്ന് 27 വിജയം സ്വന്തമാക്കിയ എംഎസ് ധോണിയാണ് കോഹ്ലിക്ക് പിന്നിൽ. സൗരവ് ഗംഗുലി 49 മത്സരങ്ങളിൽ നിന്ന് 21 വിജയങ്ങൾ), മുഹമ്മദ് അസ്ഹറുദ്ദീൻ (47 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങൾ), എന്നിവരാണ് രോഹിതിന് മുന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം മാർച്ച് 7ന് രാവിലെ 9.30ന് ധർമശാലയിൽ നടക്കും. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
അഞ്ചാം ടെസ്റ്റിലും രാഹുൽ കളിക്കുന്നില്ലെങ്കിൽ കർണാടക താരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിക്കുമെന്നാണ് സൂചന. രജത് പാട്ടിദാറിന്റെ മോശം ഫോം പടിക്കലിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ പേസർ ജസ്പ്രീത് ബുമ്രയും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്. തുടർച്ചയായ മത്സരക്രമം പരിഗണിച്ചാണ് നാലാം ടെസ്റ്റിൽ ബുമ്രയ്ക്ക് വിശ്രമം നൽകിയത്.
Read More
- ‘ബൂം ബൂം ബുമ്ര’ തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്‌സ്
- വിരാട് കോഹ്‌ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്