ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐയുടെ പുതിയ നിബന്ധന. രഞ്ജി ട്രോഫി മത്സരം കളിച്ചവര്‍ മാത്രം ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുത്താല്‍ മതിയെന്നാണ് ബി.സി.സി.ഐ വ്യക്തമാക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനടക്കം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ നിര്‍ണായക തീരുമാനം. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത കിഷന്‍ ഒരു രഞ്ജി മത്സരം പോലും കളിക്കാതെ ഐ.പി.എല്ലില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
”ഇന്ത്യന്‍ ജേഴ്‌സിയില്‍ നിറംമങ്ങിയാല്‍ ടി20 ടൂര്‍ണമെന്റായ മുഷ്താഖ് അലി ട്രോഫി കളിക്കുന്നവരുണ്ട്. അവരില്‍ പലരും മികച്ച പ്രകടനം പുറത്തെടുക്കാറുമുണ്ട്. എന്നാല്‍ അവര്‍ രഞ്ജിയില്‍ കളിക്കില്ല. ഇത് സമ്മതിക്കാനാവില്ല. അവര്‍ മൂന്നോ നാലോ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കട്ടെ. അതു ചെയ്യാത്തവരെ ഐപിഎല്‍ ലേലത്തില്‍ പങ്കെടുപ്പിക്കില്ല.” ബിസിസിഐ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമില്‍ നിന്ന് മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി അവധിയെടുത്ത ഇഷാന്‍ കിഷന്‍ നിലവില്‍ ബറോഡയിലാണുള്ളത്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ക്രുനാല്‍ പാണ്ഡ്യയ്ക്കുമൊപ്പം ഐ.പി.എല്‍ സീസണിനായുള്ള ഒരുക്കത്തിലാണ് താരം. ഐ.പി.എല്ലില്‍ പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ഇഷാന്‍. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇഷാന്‍ തയാറായില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇഷാന്‍ കളിക്കുന്നില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് അവധിയെടുത്ത ഇഷാന്‍ ദുബായിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തത് ഇന്ത്യന്‍ ടീം മാനേജ്മെന്റിന് അതൃപ്തി ഉണ്ടാക്കിയിരുന്നു. പിന്നാലെ അമിതാഭ് ബച്ചൻ നടത്തുന്ന കോൻ ബനേഗാ ക്രോർപതിയിലും താരം പങ്കെടുത്തിരുന്നു.