ആന്ധ്രയ്‌ക്കെതിരെ വെള്ളിയാഴ്ച വിജയനഗരത്തിൽ ആരംഭിക്കുന്ന അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ സച്ചിൻ ബേബി കേരളത്തെ നയിക്കും. സ്ഥിരം നായകൻ സഞ്ജു സാംസണ് വിശ്രമം നൽകാനാണ് തീരുമാനം. അവസാന മത്സരത്തിൽ ജയിച്ചാലും കേരളത്തിന് മുന്നോട്ട് പോകാനാകില്ല. ഇതോടെയാണ് മത്സര ഫലം അപ്രസക്തമായ കളിയിൽ നിന്ന് സഞ്ജു സാംസൺ സ്വയം വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ആന്ധ്രയ്‌ക്കെതിരായ മത്സരം 2023-24 രഞ്ജി ട്രോഫി സീസണിൽ കേരളത്തിന്റെ അവസാന മത്സരമാണ്.
ഇക്കുറി രഞ്ജിയിൽ നാല് മത്സരങ്ങൾ മാത്രമാണ് സഞ്ജു സാംസൺ കളിച്ചത്. നേരത്തെ ബീഹാറിനെതിരായ മത്സരവും ഇത്തരത്തിൽ സഞ്ജുവിന് നഷ്ടമായിരുന്നു. അന്ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സഞ്ജു മത്സരത്തിൽ നിന്ന് പിന്മാറിയത്. അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലായിരുന്നതിനാൽ അസമിനെതിരായ രഞ്ജി ട്രോഫി മത്സരവും മലയാളി താരത്തിന് നഷ്ടമായിരുന്നു.
സഞ്ജു ബംഗാളിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാതിരുന്നത് ആരാധകരിൽ നിരാശയുണ്ടാക്കിയിരുന്നു. താരം പരിക്കിന്റ പിടിയിലാണോ എന്ന സംശയവും ഇത് ഉയർത്തി. എന്നാൽ, നാലാം ദിനം വിക്കറ്റ് കീപ്പിങ്ങിന് പുറമെ പന്തെറിയാനും സഞ്ജു സമയം കണ്ടെത്തിയിരുന്നു. ഇതോടെ പരിക്കേറ്റെന്ന ആശങ്കയ്ക്ക് വിരാമമായി.
ടീമിനെ നയിക്കാൻ സഞ്ജുവിന് പകരം പരിചയസമ്പന്നനായ സച്ചിൻ ബേബിയെ ടീം മാനേജ്മെന്റും സെലക്ടർമാരും തീരുമാനിച്ചു. ആറ് കളികളിൽ നിന്ന് 717 റൺസ് നേടിയ ബേബി ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് സച്ചിൻ ബേബി.
ക്യാപ്റ്റൻസി മാറ്റത്തിനൊപ്പം സ്ക്വാഡിലും കേരളം ചില നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഖിൻ സത്താർ, വിഷ്ണു വിനോദ് എന്നിവരെ അവസാന കളിക്കുള്ള സ്ക്വാഡിൽ നിന്ന് റിലീസ് ചെയ്ത കേരളം, പേസർ അഖിൽ സ്കറിയ, ഇടം കൈയ്യൻ സ്പിന്നർ മിഥുൻ പികെ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇതിൽ മിഥുനെ ഉൾപ്പെടുത്തിയത് പരിക്കേറ്റ ജലജ് സക്സേനയ്ക്കും, പനി ബാധിച്ച ശ്രേയസ് ഗോപാലിനും ഒരു ബാക്കപ്പ് എന്ന നിലയ്ക്കാണ്.
എലൈറ്റ് ഗ്രൂപ്പ് ബിയിൽ കളിക്കുന്ന കേരളം നിലവിൽ ആറ് കളികളിൽ 14 പോയിന്റുമായി മൂന്നാമതാണ്. അതായത് അവസാന കളിയിൽ ജയിച്ചാലും ടീം അടുത്ത റൗണ്ടിലേക്ക് കടക്കില്ല. ഇക്കുറി രോഹൻ കുന്നുമ്മലായിരുന്നു കേരളത്തിന്റെ ഉപനായകൻ. സഞ്ജുവില്ലാത്ത കളികളിൽ അദ്ദേഹമാണ് ടീമിനെ നയിച്ചിരുന്നത്. എന്നാൽ അവസാന ലീഗ് മത്സരത്തിൽ സച്ചിൻ ബേബിയുടെ പരിചയസമ്പത്തിൽ വിശ്വാസമർപ്പിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചു.