കായിക രംഗത്തെ പ്രശസ്തനായൊരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണിത്. അതേ, പോർച്ചുഗീസ് ഇതിഹാസ സ്ട്രൈക്കറും അന്താരാഷ്ട്ര ഫുട്ബോളിൽ റെക്കോർഡുകളുടെ തോഴനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചെറുപ്പത്തിലുള്ള ചിത്രങ്ങളാണിത്. ലോകത്തേറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദോസ് സാന്റോസ് അവേരിയോ. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്. അഞ്ച് തവണ ലോകത്തെ മികച്ച ഫുട്ബോളർക്ക് ലഭിക്കുന്ന ബാലൺ ഡിയോർ പുരസ്കാരം നേടി.
നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും അൽ നസർ ക്ലബ്ബിന് വേണ്ടിയും അദ്ദേഹം കളിക്കുന്നുണ്ട്. സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി. റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗൂസൺ , 2003ൽ 18കാരനായ റൊണാൾഡോയുമായി 12.2 ലക്ഷം പൌണ്ടിന്റെ കരാറിലേർപ്പെട്ടു. ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ്.എ. കപ്പ് നേടി. 2004 യുവേഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
2008ൽ റൊണാൾഡോ തന്റെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. അതേവർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ ആയും ഫിഫ്പ്രോ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു. കൂടെ 40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻദോർ ജേതാവുമായി.
2008 സീസണിൽ റൊണാൾഡോയുടെ മികച്ച പ്രകടനത്തിനു ശേഷം ഇതിഹാസ നെതർലൻഡ് താരം ജോഹാൻ ക്രൈഫ് റൊണാൾഡോവിന് ജോർജ് ബെസ്റ്റിനും ദെന്നിസ് ലോവിനും മുകളിൽ സ്ഥാനം കൊടുത്തു. 2013 വർഷത്തെ ബാലൻ ഡിയോർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബാൾ ചരിത്രത്തിൽ പ്രധാന താരങ്ങളിൽ ഒരാളായി. 2015-2016 സീസൺ റൊണാൾഡോയുടെ കരിയറിലെ ഏറ്റവും മികച്ച സീസണായി കണക്കാക്കുന്നു.
പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററായ ക്രിസ്റ്റ്യാനോ അവരുടെ രണ്ട് കിരീടങ്ങൾ നേടുന്നതിലും പ്രധാന പങ്ക് വഹിച്ചു. 10 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ തുടച്ചയായി ഗോൾ നേടുന്ന ആദ്യ വ്യക്തിയും ഒരേയൊരു വ്യക്തിയുമാണ് റൊണാൾഡോ. ഇന്റർനാഷണൽ ഗോൾവേട്ടക്കാരിലെ നിലവിലെ ടോപ് സ്‌കോററും, യൂറോപ്യൻ വേൾഡ് കപ്പ് യോഗ്യതാ റൗണ്ട് ടോപ് സ്കോററും, പോർച്ചുഗലിന് വേണ്ടി നാല് വേൾഡ് കപ്പിൽ ഗോൾ നേടിയ താരവുമാണ് ക്രിസ്റ്റ്യാനോ.