കെ എൽ രാഹുലിന് പകരക്കാരനായി രാജ്കോട്ട് ടെസ്റ്റിൽ സർഫറാസ് ഖാൻ അരങ്ങേറ്റം നടത്തുമെന്ന് സൂചന. തുടർച്ചയായ മൂന്ന് ആഭ്യന്തര സീസണുകളിൽ 100ന് മുകളിൽ ശരാശരി നേടിയ സർഫറാസ് ഖാൻ രാജ്‌കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ ഉണ്ടാകുമെന്നാണ് വിവരം. കെ എൽ രാഹുലിന് ഫിറ്റ്നെസ്സ് തെളിയിക്കാൻ കഴിയാതെ വന്നതോടെയാണ് മധ്യനിരയിലേക്ക് പുതുമുഖത്തെ എത്തിക്കാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം.
“സർഫറാസ് തന്റെ അരങ്ങേറ്റം കുറിക്കും. ഈ ടെസ്റ്റിൽ കെഎൽ പുറത്തായതിനാൽ, സർഫറാസിന് തന്റെ ആദ്യ മത്സരം ലഭിക്കും,” ഒരു വൃത്തം സ്ഥിരീകരിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർഫറാസ് കഠിനാധ്വാനത്തിലാണ്. ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് കോഹ്‌ലി പിന്മാറിയതിന് ശേഷം സെലക്ടർമാർ രജത് പാട്ടിദാറിനെ സർഫറാസിനെ തഴഞ്ഞുകൊണ്ട് തിരഞ്ഞെടുത്തെങ്കിലും 26 കാരനായ സർഫറാസ് പ്രതീക്ഷ കൈവിട്ടിരുന്നില്ല. സെലക്ഷൻ ഡേ സ്‌നബ് കഴിഞ്ഞ് തൊട്ടടുത്ത ദിവസത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ലയൺസിനെതിരെ 161 റൺസ് നേടിക്കൊണ്ടായിരുന്നു സെലക്ടർമാർക്കുള്ള താരത്തിന്റെ മറുപടി.
“കളി മുഴുവൻ ക്ഷമയാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം. ജീവിതത്തിൽ, നമ്മൾ സ്വയം തിരക്കുകൂട്ടുന്ന സമയങ്ങളുണ്ട്. ടീമിലെത്താനുള്ള എന്റെ കാത്തിരിപ്പിനെക്കുറിച്ച് ഞാൻ വികാരാധീനനാകും. കഠിനാധ്വാനം ചെയ്താൽ നമ്മളെ ആർക്കും തടയാനാവില്ലെന്ന് അച്ഛൻ എപ്പോഴും എന്നോട് പറയാറുണ്ട്. ആത്മവിശ്വാസവും ക്ഷമയും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്, ”സർഫറാസ് തന്റെ ടെസ്റ്റ് കോളിൽ ബിസിസിഐ ടിവിയോട് പറഞ്ഞു.
“എന്നേക്കാൾ കൂടുതൽ ഞാൻ എന്റെ അച്ഛനെ ഓർത്ത് സന്തോഷവാനാണ്. ഇത്രയും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത്, ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ രഞ്ജി ട്രോഫി കളിക്കാൻ ഒരുങ്ങുകയായിരുന്നു. ഞാൻ ഇന്ത്യ എയുടെ വസ്ത്രങ്ങൾ ബാഗിൽ കരുതി രഞ്ജി മത്സരത്തിനായി പാക്ക് ചെയ്യുകയായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു കോൾ വന്നു, ഞാൻ (ഇന്ത്യൻ ടീമിലേക്ക്) തിരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു, ”26-കാരൻ തന്റെ സെലക്ഷനെ കുറിച്ച് അറിഞ്ഞ ദിവസം പ്രതികരിച്ചു.
“ആദ്യം ഞാൻ വിശ്വസിച്ചില്ല. തുടർന്ന് വീട്ടിൽ എല്ലാവരെയും വിവരമറിയിച്ചെങ്കിലും അച്ഛൻ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ അച്ഛനെ നാട്ടിലേക്ക് വിളിച്ചു, അദ്ദേഹവും വികാരാധീനനായി. എന്റെ ഭാര്യയും അമ്മയും അച്ഛനും എല്ലാം വികാരഭരിതരായി. ഞാൻ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാനുള്ള അച്ഛന്റെ ആഗ്രഹം നിറവേറ്റുക എന്നത് മാത്രമാണ് എന്റെ ഏക സ്വപ്നം. എന്റെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചതായി തോന്നുന്നു, ഞാൻ വളരെ സന്തോഷവാനാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 15 ന് ആരംഭിക്കുന്ന ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജുറലും അരങ്ങേറ്റം കുറിക്കും. 23 കാരനായ ഉത്തർപ്രദേശ് വിക്കറ്റ് കീപ്പർ കെഎസ് ഭരതിന് പകരക്കാരനായാകും ജുറലിന്റെ ടെസ്റ്റ് അരങ്ങേറ്റം.