പിതാവ് അനിരുദ്ധ്‌സിങ് ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. കുടുംബത്തിൽ ഭിന്നത സൃഷ്ടിച്ചതിന് ജഡേജയുടെ ഭാര്യയും ബിജെപി എംപിയുമായ റിവാബയാണെന്ന് അഭിമുഖത്തിനിടെ കുറ്റപ്പെടുത്തിയ പിതാവിന്റെ ആരോപണങ്ങളോടാണ് ജഡേജയുടെ പ്രതികരണം. മകന്‍ രവീന്ദ്ര ജഡേജയുമായും മരുമകള്‍ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല, ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ്‌സിംങ് ജഡേജ പറഞ്ഞു.
“അവരുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമാണ് പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്. ഞാൻ ഇപ്പോൾ ജാംനഗറിൽ തനിച്ചാണ് താമസിക്കുന്നത്, രവീന്ദ്ര സ്വന്തമായി മറ്റൊരു ബംഗ്ലാവിലാണ് താമസിക്കുന്നത്. ഒരേ നഗരത്തിലാണ് താമസിക്കുന്നതെങ്കിലും, ഞാൻ അവനെ കാണാറില്ല. അവൻ്റെ ഭാര്യ എന്ത് ജാലവിദ്യയാണ് ചെയ്തതെന്ന് എനിക്കറിയില്ല.”
പിതാവിന്റെ ആരോപണങ്ങളോടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് രവീന്ദ്ര ജഡേജ പ്രതികരിച്ചത്. സ്‌ക്രിപ്റ്റ് ചെയ്ത അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ നമുക്ക് അവഗണിക്കാം എന്ന കുറപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചത്.
Let’s ignore what’s said in scripted interviews 🙏 pic.twitter.com/y3LtW7ZbiC
— Ravindrasinh jadeja (@imjadeja) February 9, 2024
“ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ പിതാവ് പരാമർശിച്ച കാര്യങ്ങൾ അർത്ഥശൂന്യവും വ്യാജവുമാണ്. അത് ഒരു ഭാഗം മാത്രമാണ്, ഞാന്‍ അത് നിഷേധിക്കുന്നു. എൻ്റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമം അനുചിതവും അപലപനീയവുമാണ്. എനിക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എന്നാൽ അക്കാര്യം പരസ്യമായി പറയാതിരിക്കുന്നതാണ് നല്ലത്,” ഗുജറാത്തി ഭാഷയിൽ എഴുതിയ കുറിപ്പിൽ ജഡേജ പറഞ്ഞു.
ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പമ്പരയിലെ ആദ്യ ടെസ്റ്റിനു ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരം. പരിക്കിൽ മികച്ച പുരോഗതിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നതോടെ ഹോം ഗ്രൗണ്ടിൽ കളിക്കാൻ ജഡേജയും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീം മാനേജ്മെൻ്റും ആരാധകരും.
ജാംനഗർ (നോർത്ത്) സിറ്റിംഗ് ബിജെപി എംഎൽഎയായ റിവാബ കോൺഗ്രസ് പാർട്ടിയിൽ നിന്ന് മത്സരിച്ച് ഭർത്താവിൻ്റെ സഹോദരി നൈനബയെ പരാജയപ്പെടുത്തിയെന്നും ജഡേജയുടെ പിതാവ് ആരോപിച്ചു.