വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും രണ്ടാമത്തെ കുഞ്ഞിനായ് കാത്തിരിക്കുന്നുവെന്ന് പറഞ്ഞത് തെറ്റായ വിവരമാണെന്ന് എബി ഡിവില്ലിയേഴ്സ്. ”കുടുംബത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കുന്നതെന്നാണ് ഞാൻ യൂട്യൂബ് ചാനലിൽ പറഞ്ഞത്. അതേസമയം, ഞാനൊരു വലിയ തെറ്റും ചെയ്തു. തെറ്റായൊരു വിവരം നൽകി. അതൊരിക്കലും ശരിയായിരുന്നില്ല,” ദിനപത്രമായ ദൈനിക് ഭാസ്കറിനോട് ഡിവില്ലിയേഴ്സ് പറഞ്ഞു.
”വിരാടിന്റെ കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണോ അതാദ്യം വരുമെന്ന് ഞാൻ കരുതുന്നു. അവിടെ നടക്കുന്നത് എന്താണെന്ന് ആർക്കും അറിയില്ല. കോഹ്‌ലിക്ക് നല്ലത് സംഭവിക്കട്ടെയെന്നു ആശംസിക്കാൻ മാത്രമാണ് എനിക്ക് ഇപ്പോൾ സാധിക്കുക. കളിയിൽനിന്നും അദ്ദേഹം ബ്രേക്ക് എടുത്തതിന്റെ കാരണം എന്തുമാകട്ടെ, അദ്ദേഹം ശക്തനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടു.
ഇംഗ്ലണ്ടുമായുള്ള ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾ കോഹ്‌ലിക്ക് നഷ്ടമായിരുന്നു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ മൂന്നാം ടെസ്റ്റ് മത്സരവും കോഹ്‌ലിക്ക് നഷ്ടമായേക്കും. അങ്ങനെയെങ്കിൽ ഇന്ത്യൻ ടീമിലേക്കുള്ള താരത്തിന്റെ മടങ്ങി വരവ് വൈകാൻ ഇടയുണ്ട്.
കോഹ്‌ലി വീണ്ടും അച്ഛനാകാൻ പോകുന്നതായി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പറഞ്ഞിരുന്നു. ”വിരാടും ഞാനും തമ്മിലുള്ള മെസേജുകളിൽ നിന്നും അദ്ദേഹത്തിന് ഒരു കുഞ്ഞ് കൂടി ജനിക്കാൻ പോകുന്നുവെന്ന് എനിക്ക് മനസിലായി. ഇപ്പോൾ സമയം കുടുംബത്തിനുവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ്. വിരാടിന്റെ കളികൾ നമുക്ക് നഷ്ടമായേക്കാം. പക്ഷേ, അദ്ദേഹം ശരിയായ തീരുമാനമാണ് എടുത്തത്,” വീഡിയോയിൽ ഡിവില്ലിയേഴ്സ് പറഞ്ഞു.
വ്യക്തിഗത കാരണങ്ങളാൽ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കോഹ്‌ലിക്ക് നഷ്ടമായിരുന്നു. ഇതിനുപിന്നാലെ കോഹ്‌ലി കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് പോയതായി വാർത്തകൾ പുറത്തുവന്നിരുന്നു. പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്പായിട്ടാണ് തനിക്ക് ഒരു ബ്രേക്ക് വേണമെന്ന് കോഹ്‌ലി ഇന്ത്യൻ ടീം മാനേജ്‌മെന്റിനെയും സെലക്ടർമാരെയും അറിയിച്ചത്.