ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഊതിവീർപ്പിച്ചു വച്ച ബലൂണിലെ കാറ്റ്, എഎഫ് സി എഷ്യൻ കപ്പിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തിലെ മൂന്നാം മിനിറ്റിൽ തന്നെ പോയിരിക്കുകയാണ്. ഉസ്ബെക്കിസ്ഥാൻ സ്ട്രൈക്കർ അബ്ബോസ്ബെഗ് ഫായ്സുള്ളയേവിന്റെ ഹെഡ്ഡർ മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഇന്ത്യൻ പ്രതിരോധത്തെ കീറിമുറിച്ച് വലകുലുക്കിയിരുന്നു. ഇന്ത്യൻ പ്രതിരോധ നിരയിലെ പോരാളി സന്ദേശ് ജിങ്കൻ പോലും പന്ത് പോയ വഴിയെ നോക്കി സ്തബ്ധനായി നിൽക്കുകയായിരുന്നു.
ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ആറ് ടീമുകളിലൊന്നാണ് ഉസ്ബെക്കിസ്ഥാൻ. ഫിഫ റാങ്കിങ്ങിൽ 68ാം സ്ഥാനക്കാരുമാണ് അവർ. എന്നാൽ, ഫിഫ റാങ്കിങ്ങിൽ 25ാം സ്ഥാനക്കാരായ ഓസ്ട്രേലിയയോടെ 2-0ന് തോറ്റെങ്കിലും, തരക്കേടില്ലാത്ത പ്രകടനം നടത്തിയ സ്ഥിതിക്ക് കൂടുതൽ മെച്ചപ്പെട്ട കളിയാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. കളിയുടെ നാലാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പിന്നിലായത് ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് പിന്നിലായത്, തിരിച്ചുവരവിനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു.
ഇന്ത്യൻ താരങ്ങൾ ഫസ്റ്റ് ഗിയറിലേക്ക് വരുമ്പോഴേക്കും ഉസ്ബെക്കിസ്ഥാൻ താരങ്ങൾ ടോപ് ഗിയറിട്ട് കളി പിടിച്ചിരുന്നുവെന്ന് വ്യക്തം. 18ാം മിനിറ്റിൽ രാഹുൽ ബെക്കെയുടെ പാസ് പിടിച്ചെടുത്ത് ഫായ്സുള്ളയേവ് ഇന്ത്യൻ പ്രതിരോധത്തെ വീണ്ടും കീറിമുറിച്ചു. അദ്ദേഹത്തിന്റെ ലോ കട്ട് ബാക്ക് ഷോട്ട് ആകാശ് മിശ്ര ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പോസ്റ്റിലിടിച്ച് തെറിച്ചത് നേരെയെത്തിയത് ബോക്സിൽ മാർക്ക് ചെയ്യാതെ നിന്ന ഇഗോർ സെർഗീവിന്റെ കാലുകളിലും. താരം അനായാസം വലകുലുക്കുന്നത് ഇന്ത്യൻ ഗോൾകീപ്പർ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
പിന്നീട് ആദ്യ പകുതിയിൽ ഒരു ഗോൾ കൂടി വഴങ്ങിയതോടെ ഇന്ത്യയുടെ കഥ കഴിഞ്ഞു. രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങിയില്ലെന്നത് മാത്രമാണ് ആശ്വസിക്കാൻ വകനൽകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യയ്ക്ക് സിറിയ ആണ് എതിരാളികൾ. ഈ മത്സരത്തിൽ ജയിച്ചാലും ഇന്ത്യയ്ക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിൽക്കുന്നില്ല. ചില മത്സര ഫലങ്ങൾ കൂടി അനുകൂലമായാലേ സാധ്യതയുള്ളൂ. ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ച മട്ടാണ്.
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?