ടി20 ലോകകപ്പിന് ഇനി കഷ്ടിച്ച് അഞ്ച് മാസങ്ങളേ ബാക്കിയുള്ളൂ. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷം മാസങ്ങളോളം നീണ്ട വിശ്രമത്തിലായിരുന്നു ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ടി20 ലോകകപ്പിൽ ടീമിനെ ആര് നയിക്കുമെന്ന ചോദ്യം ഉയർന്ന ഘട്ടത്തിലാണ്, ദീർഘനാളുകൾക്ക് ശേഷം സീനിയർ താരങ്ങളായ രോഹിത്തും കോഹ്ലിയും ടീമിലേക്ക് മടങ്ങിവന്നത്.
ഇരുവർക്കും കുട്ടി ക്രിക്കറ്റിൽ ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും സജീവമായി ഉയർന്നിരുന്നു. എന്നാൽ, ക്രിക്കറ്റിലെ ചെറുമീനുകളായ അഫ്ഗാനിസ്ഥാനോട് ഇതുവരെ നടന്ന രണ്ട് ടി20 മത്സരങ്ങളിലും രോഹിത് വലിയ പരാജയമായി മാറി. രണ്ട് ഗോൾഡൻ ഡക്കുകളാണ് നായകൻ മേടിച്ചുകൂട്ടിയത്. ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയിലെ മോശം ഫോം ഇന്ത്യയിലും ഹിറ്റ്മാനെ വിടാതെ പിന്തുടരുകയാണ്.
2 (8), 15 (13), 27 (28), 0 (2), 0 (1) എന്നിങ്ങനെയാണ് രോഹിത്തിന്റെ ടി20 ഫോർമാറ്റിലെ അവസാന അഞ്ച് മത്സരങ്ങളിലെ പ്രകടനം. മുംബൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കൈമോശം വന്നത് രോഹിത്തിന് മാനസികമായി ആഘാതമായിട്ടുണ്ടെന്നാണ് ആരാധകരുടെ സംശയം. ഇക്കുറി ഹാർദ്ദിക് പാണ്ഡ്യ ഐപിഎല്ലിൽ കളിക്കുകയാണെങ്കിൽ നായകസ്ഥാനം പാണ്ഡ്യയ്ക്ക് കൈമാറാനാണ് മാനേജ്മെന്റിന്റെ നീക്കം. ഇത് നായകനെന്ന നിലയിലുള്ള രോഹിത്തിന്റെ കരിയറിന്റ തിരിച്ചിറക്കത്തെയാണ് സൂചിപ്പിക്കുന്നത്.
36കാരനായ മുംബൈ താരം ഇനി എത്ര നാൾ കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി തുടരുമെന്നതും ഒരു ചോദ്യമാണ്. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയുടെ ട്രോഫി വരൾച്ച ബിസിസിഐയെ ഇരുത്തി ചിന്തിപ്പിക്കുന്ന സമയത്താണ് രോഹിത്തിന്റെ ഈ മോശം ഫോമെന്നതും ശ്രദ്ധേയമാണ്. എന്തൊക്കെയാണെങ്കിലും ഏകദിന ലോകകപ്പിൽ നായകന്റെ മിന്നും പ്രകടനമാണ് ഹിറ്റ്മാൻ കളത്തിൽ പുറത്തെടുത്തത്. ടൂർണമെന്റിലെ ഏറ്റവും ആക്രമണകാരിയായ ഓപ്പണറായി രോഹിത്ത് തിളങ്ങി.
Indian skipper Rohit Sharma is struggling to find his form in T20Is. pic.twitter.com/5TMAZfDcXX
— CricTracker (@Cricketracker) January 17, 2024
ഓസ്ട്രേലിയക്കെതിരായ കലാശപ്പോരിൽ മാത്രമാണ് ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ ടീമും നായകനും പിന്നോട്ടു പോയത്. ഗ്രഹണസമയം പിന്നിട്ട് ബാറ്റിങ്ങിൽ പൂത്തിരി കത്തിച്ചുകൊണ്ട് ഹിറ്റ്മാൻ ഉടനെ ഫോമിലെത്തുമെന്നാണ് മുഴുവൻ ആരാധകരും പ്രതീക്ഷിക്കുന്നത്. പരമ്പര 2-0ന് ഇന്ത്യ മുന്നിലാണെങ്കിലും നായകന്റെ ഫോം ടീമിന് തലവേദനായാകുന്നുണ്ട്.
- കൈകളില്ലെങ്കിലും ക്രിക്കറ്റ് കളിക്കും; സച്ചിൻ പോലും കാണാൻ കൊതിക്കുന്ന ക്രിക്കറ്റർ, വീഡിയോ
- കംഗാരുക്കളുടെ രണ്ടടിയിൽ വീണു; എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?
- മരണത്തേയും തോൽപ്പിച്ച് അനശ്വരതയിലേക്കൊരു ബെക്കന്‍ ബോവര്‍ ഫ്രീകിക്ക്
- പാണ്ഡ്യ, രോഹിത്, കോഹ്ലി; ആരാകും ടി20 ലോകകപ്പിലെ നായകൻ?
- മെസ്സിയും കൂട്ടരും വരുന്നു; കേരളത്തിൽ കളിക്കാമെന്ന് അർജന്റീന സമ്മതിച്ചു
- റാഷിദ് ഖാനെ തൂക്കിയടിച്ച് സഞ്ജു ടി20 ലോകകപ്പ് കളിക്കുമോ; രോഹിത് റിട്ടേൺസ്