ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രണ്ടാം മത്സരത്തിൽ കേരളത്തിന്റെ പിള്ളേരുടെ വെടിക്കെട്ട് പ്രകടനം. അസമിനെതിരായ മത്സരത്തിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിങ്‌സില്‍ കേരളം 419 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങ് ആരംഭിച്ച അസം അഞ്ച് ഓവറിൽ 14/2 എന്ന നിലയിലാണ്. ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റെടുത്തു. രണ്ടാം ദിനം സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. 148 പന്തില്‍ നിന്ന് 131 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയിലാണ് കേരളം അസമിനെതിരെ ഇറങ്ങിയത്. ഒന്നാം ദിനം വൈകി തുടങ്ങിയ മത്സരത്തില്‍ കേരളം ഒരു വിക്കറ്റിന് 141 റണ്‍സെടുത്തിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ കുന്നുമ്മേലിന്റെ ബാറ്റിംഗാണ് കേരളത്തെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 95 പന്തുകള്‍ നേരിട്ട കുന്നുന്മേല്‍ 83 റണ്‍സെടുത്ത് പുറത്തായി. ആദ്യ വിക്കറ്റില്‍ കുന്നുമ്മേലിനൊപ്പം കൃഷ്ണപ്രസാദ് 133 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.
രണ്ടാം ദിനം കൃഷ്ണ പ്രസാദ്- രോഹന്‍ പ്രേം സഖ്യം കേരളത്തെ മുന്നോട്ട് നയിച്ചു. 116 പന്തില്‍ നിന്ന് ഫിഫ്റ്റി തികച്ച് രോഹന്‍ പ്രേം പുറത്തായി. തൊട്ടുപിന്നാലെ കൃഷ്ണപ്രസാദിനും (80) മടങ്ങേണ്ടിവന്നു. പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദും (19) അക്ഷയ് ചന്ദ്രനും (0) നിരാശപ്പെടുത്തി. ശ്രേയസ് ഗോപാല്‍ (18), ജലജ് സക്‌സേന (1) എന്നിവര്‍ പിടിച്ചുനില്‍ക്കാതെ അതിവേഗം മടങ്ങിയതോടെ കേരളം പ്രതിസന്ധിയിലായി.
മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും സച്ചിന്‍ ബേബി ക്രീസിലുറച്ചു നിന്നു. വാലറ്റത്തെ താരത്തിന്റെ പോരാട്ടം കേരള സ്കോർ 400 കടത്തി. ബേസില്‍ തമ്പി (16), എം ഡി നിഥീഷ് (12) എന്നിവര്‍ സച്ചിന് മികച്ച പിന്തുണ നല്‍കി. 148 പന്തില്‍ നിന്ന് 131 റണ്‍സെടുത്ത് സച്ചിന്‍ പുറത്തായതോടെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചു. അസമിന് വേണ്ടി മുക്താര്‍ ഹുസൈനും രാഹുല്‍ സിങ്ങും മൂന്നും സിദ്ധാര്‍ത്ഥ് ശര്‍മ്മ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Read More
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്