അഡ്‌ലെയ്ഡിൽ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിൽ തോൽവി വഴങ്ങിയ ശേഷം ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി പിന്നീട് ആ ഫോർമാറ്റിൽ ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല. ടി20 ലോകകപ്പ് ടൂർണമെന്റ് അടുത്തിരിക്കെ, ഈ ഫോർമാറ്റിൽ വീണ്ടും ശക്തി പരീക്ഷിക്കാനെത്തുകയാണ് കിങ് കോഹ്ലി.
തന്റെ പ്രിയപ്പെട്ട മൂന്നാം നമ്പർ പൊസിഷനിൽ തന്നെയാകും കോഹ്ലി ബാറ്റ് ചെയ്യാനെത്തുക എന്നാണ് സൂചന. അതേസമയം, നായകൻ രോഹിത്ത് ശർമ്മയ്ക്കൊപ്പം ഓപ്പണിംഗിൽ വിരാടിനെ പരീക്ഷിക്കാനും കോച്ച് രാഹുൽ ദ്രാവിഡിന് പ്ലാനുകളുണ്ട്.
ഓപ്പണിങ്ങിൽ ആശയക്കുഴപ്പം
രോഹിത്ത് ശർമ്മയ്ക്കൊപ്പം യശസ്വി ജെയ്സ്വാൾ വേണോ, അതോ ശുഭ്മൻ ഗിൽ മതിയോ എന്ന കാര്യത്തിൽ ക്യാപ്റ്റന് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഗ്രോയിൻ ഇഞ്ചുറിയുള്ള ജയ്സ്വാൾ ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രാജസ്ഥാൻ റോയൽസ് ഓപ്പണർ തിരിച്ചെത്തിയാൽ ഗില്ലിനെ എവിടെ കളിപ്പിക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമാകും.
മൊഹാലിയിൽ അഫ്ഗാനിസ്ഥാൻ ബാറ്റർമാരുടെ തല്ലു വാങ്ങിയ രവി ബിഷ്ണോയിക്ക് പകരം, ടീമിലേക്ക് കുൽദീപ് യാദവ് തിരിച്ചെത്തും. ബിഷ്ണോയിയുടെ ഗൂഗ്ലികളെ അനായാസമായാണ് മുഹമ്മദ് നബിയും അസ്മത്തുള്ളയും നേരിട്ടത്. ചൈനാമാൻ കുൽദീപ് മടങ്ങിയെത്തുന്നതോടെ ടീം ഇന്ത്യയുടെ സ്പിൻനിര ശക്തമാകും. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ പരമ്പരയുടെ താരമായാണ് കുൽദീപ് മടങ്ങിയെത്തുന്നത്.
സഞ്ജു കളിക്കുമോ?
അതേസമയം, സഞ്ജു സാംസണ് ഇന്നും ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ല. സീനിയർ താരങ്ങൾ തിരിച്ചെത്തിയതും, ഒന്നാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മ കളിക്കുന്നതും സഞ്ജുവിന് തിരിച്ചടിയാകും. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് രാത്രി 7 മണിക്കാണ് രണ്ടാം ടി20 മത്സരം ആരംഭിക്കുക. മൂന്നാമത്തേയും അവസാനത്തേയും ടി20 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ റണ്ണൊഴുകുന്ന പിച്ചിൽ വാഷിങ്ടൺ സുന്ദറിന് പകരം, പേസർ ആവേശ് ഖാൻ ടീമിലിടം പിടിച്ചേക്കും. വാലറ്റത്ത് ബാറ്റിങ്ങ് ഓർഡർ ദുർബലമാകുമെന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന തിരിച്ചടി. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ് യുവതാരങ്ങളായ റിങ്കു സിംഗ്, തിലക് വർമ്മ, ശിവം ദുബെ, രവി ബിഷ്ണോയ് തുടങ്ങിയവരുടെ ലക്ഷ്യം.
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 മത്സരം എങ്ങനെ കാണാം?
മത്സരം ടെലിവിഷനില്‍ സ്പോര്‍ട്‌സ് 18 വഴിയും, ഓണ്‍ലൈനില്‍ ജിയോ സിനിമ വഴിയും ഇന്ത്യയിലുള്ള ആരാധകര്‍ക്ക് കാണാം. ഇന്‍ഡോറില്‍ മത്സരത്തിന് മഴ ഭീഷണിയൊന്നുമില്ല എന്നത് വലിയ ആശ്വാസമാണ്. പരിക്കേറ്റ് പുറത്തായ റാഷിദ് ഖാന്റെ അഭാവം മറികടക്കുകയാണ് അഫ്ഗാനിസ്ഥാന്‍റെ വെല്ലുവിളി. റഹ്‌മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ എന്നിവർ ഉൾപ്പെട്ട അഫ്ഗാനിസ്ഥാനെ നിസാരക്കാരായി കാണാൻ ഇന്ത്യയ്ക്ക് കഴിയില്ല.