മലയാളികളുടെ പ്രിയങ്കരനായ സഞ്ജു സാംസൺ നയിക്കുന്ന കേരള ടീമിന് രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഇന്ന് ആദ്യ മത്സരം. വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുടെ ഉത്തർപ്രദേശ് ടീമിനോടാണ് മല്ലു ഗ്യാങ് ഇന്ന് കൊമ്പുകോർക്കുന്നത്. രാവിലെ 9.30ന് കേരളത്തിന്റെ ഹോം ഗ്രൗണ്ടായ സനാതന ധർമ്മ കോളേജ് മൈതാനത്താണ് ആവേശപ്പോര് നടക്കുക.
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്നാണ് തുടക്കമാകുന്നത്. എ, ബി, സി, ഡി എന്നീ എലൈറ്റ് ഗ്രൂപ്പുകളിലായി 8 മത്സരങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഗ്രൂപ്പ് ബി യിൽ ആണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാകുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ കഴിഞ്ഞ ദിവസം ഗ്രൗണ്ടിലെത്തി പിച്ചും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.
മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹൻ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജു സാംസണ് പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനാണെന്നും രോഹന്‍ വ്യക്തമാക്കി.
രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് കേരള ടീമിന് ഗുണം ചെയ്യുമെന്നും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായും മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്കായി കന്നി ഏകദിന സെഞ്ചുറി നേടിയ കേരള ക്യാപ്റ്റൻ സഞ്ജുവിന്റെ ബാറ്റിലേക്കാണ് ആരാധകരുടെ മുഴുവൻ കണ്ണുകളും പോകുക. ആത്മവിശ്വാസം തിരിച്ചുപിടിച്ച സഞ്ജുവിന്റ തിരിച്ചുവരവ് കേരള ടീമിനാകെ പുതു ഊർജ്ജം പകർന്നിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍). എം വെങ്കടരമണ (ഹെഡ് കോച്ച്), എം രാജഗോപാല്‍ (അസിറ്റന്റ് കോച്ച്).
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി