കേപ് ടൗൺ: നാല് ഇന്നിംഗ്സുകളിലുമായി ഇരു ടീമുകളും കൂടി ആകെ എറിഞ്ഞത് 642 ഡെലിവറികൾ. രണ്ട് ദിവസം കൊണ്ട് പൂർത്തീകരിച്ച ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിലെ 25 ആം മത്സരമായി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം മാറിയപ്പോൾ ഏഴ് വിക്കറ്റിന്റെ വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. ബൗളർമാരുടെ തീ തുപ്പുന്ന പന്തുകൾക്ക് കേപ് ടൗൺ വേദിയായപ്പോൾ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരമെന്ന പുതിയ റെക്കോഡും കുറിക്കപ്പെട്ടു. 1932-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ മത്സരമായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്, ഇത് 652 പന്തുകൾക്കുള്ളിലായിരുന്നു പൂർത്തിയായത്. ഇന്ത്യൻ ജയത്തോടെ പരമ്പര 1-1 ന് സമനിലയിലേക്കെത്തി.
ഒന്നാം ദിനം 23 വിക്കറ്റുകളണ് വീണത്. രണ്ടാം ദിനത്തിൽ 36 റൺസിന് പിന്നിലെന്ന നിലയിൽ കരകയറാൻ കൊതിച്ച പ്രോട്ടീസ് പടയ്ക്ക് പക്ഷേ വീണ്ടും അടി തെറ്റി. ഇന്നെല സിറാജിന്റെ താണ്ഡവമായിരുന്നെങ്കിൽ ഇന്നത് ഏറ്റെടുത്തത് സീനിയർ പേസറായ ജസ്പ്രീത് ബുംറയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പന്തുകൾ തീ തുപ്പിയപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഒന്നൊന്നായി കൂടാരം കയറി. തുടർന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 79 റൺസായിരുന്നു. 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയം കണ്ടു.
കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജാണ് കളിയിലെ താരം. ടെസ്റ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണിതെന്നു പറഞ്ഞ സിറാജ് താൻ സ്ഥിരത പുലർത്താനും ശരിയായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചുവെന്നും വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിൽ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അതുകൊണ്ടാണ് ഒരുപാട് റൺസ് വിട്ടുകൊടുക്കേണ്ടി വന്നതെന്നും സിറാജ് പറഞ്ഞു. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് സിറാജ് പറഞ്ഞു.
Read More
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- ആവേശം ആകാശത്തോളം; ഉയർന്ന് പൊങ്ങി പപ്പാഞ്ഞി, ഈ വർഷം 80 അടി