രാജ്കോട്ട്: വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിന്റെ നിർണായക ക്വാർട്ടർ ഫൈനലിൽ നായകൻ സഞ്ജു സാംസൺ ഇല്ലാതെ കളിക്കാനിറങ്ങി കേരളം. സഞ്ജു സാംസണിന് പകരം മുഹമ്മദ് അസ്ഹറുദ്ദീൻ ടീമിലെത്തി. ടോസ് നേടിയ താൽക്കാലിക നായകൻ രോഹൻ എസ് കുന്നുമ്മൽ ആദ്യം ബൌളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. 14 ഓവറിൽ 53/2 എന്ന നിലയിലാണ് രാജസ്ഥാൻ ബാറ്റ് ചെയ്യുന്നത്. ക്യാപ്റ്റൻ ദീപക് ഹൂഡ (3), മഹിപാൽ ലോംറോർ (7) എന്നിവരാണ് ക്രീസിൽ. അഭിജീത് തോമർ (15), റാംമോഹൻ ചൌഹാൻ (18) എന്നിവരാണ് രാജസ്ഥാൻ പുറത്തായത്.
രണ്ട് വിക്കറ്റും മലയാളി താരം അഖിൽ സത്താറിനാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടുകെട്ട് പിറന്നെങ്കിലും മൂന്ന് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഏകദിന ടീമിൽ പങ്കെടുക്കാൻ പോകാനാണോ സഞ്ജു സാംസൺ ടീമിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് വ്യക്തമല്ല. ക്വാർട്ടർ ഫൈനലിൽ നിർണായക സമയത്ത് സഞ്ജുവിന്റെ ഈ അഭാവം ടീമിന് തിരിച്ചടിയായേക്കും. റിസർവ് ടീമിൽ സഞ്ജുവിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാൻ ടീമിൽ രാഹുൽ ചഹാർ, ഖലീൽ അഹമ്മദ്, അഭിജിത് തോമർ എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങളാണ് അണിനിരക്കുന്നത്.
പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയെ 153 റൺസിന് തകർത്ത് റെക്കോർഡ് വിജയവുമായാണ് കേരളം ക്വാർട്ടർ ഫൈനലിലെത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റിന് 383 റണ്‍സെടുത്തിരുന്നു. മറുപടിയായി 37.4 ഓവറിൽ 230 റൺസിന് മഹാരാഷ്ട്ര ഓൾഔട്ടായി. ഓപ്പണര്‍മാർ ഇരുവരും സെഞ്ചുറികളുമായി തിളങ്ങിയതോടെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് കേരളം വാരിയത്. ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്‌ണ പ്രസാദും (137 പന്തില്‍ 144) ആദ്യ വിക്കറ്റില്‍ 34.1 ഓവറില്‍ 218 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്ദുള്‍ ബാസിത് (18 പന്തില്‍ 35*) എന്നിവരും കേരളത്തിനായി തിളങ്ങി.
രാജസ്ഥാൻ ടീം: അഭിജിത് തോമർ, രാം മോഹൻ ചൗഹാൻ, ദീപക് ഹൂഡ (c), കരൺ ലാംബ, കുനാൽ സിംഗ് റാത്തോഡ് (വിക്കറ്റ് കീപ്പർ) , മഹിപാൽ ലോംറോ , രാഹുൽ ചാഹർ , ഖലീൽ അഹമ്മദ്, കുക്ന അജയ് സിംഗ്, അറഫാത് ഖാൻ, അനികേത് ചൗധരി.
കേരള ടീം: രോഹൻ കുന്നുമ്മൽ (c), മുഹമ്മദ് അസ്ഹറുദ്ദീൻ (WK), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സച്ചിൻ ബേബി, അബ്ദുൾ ബാസിത്ത്, ശ്രേയസ് ഗോപാൽ, അഖിൽ സ്കറിയ, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അഖിൻ സത്താർ.