മാക്സ്വെൽ തട്ടിയകറ്റിയ വിജയം തിരിച്ചുപിടിക്കാനുറപ്പിച്ച് സൂര്യകുമാർ യാദവിന്റെ നീലപ്പട ഇന്ന് വീണ്ടും കളത്തിലിറങ്ങും. വൈകിട്ട് ഏഴിനാണ് ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരം റായ്‌പൂരിൽ ആരംഭിക്കുക. നിലവിൽ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. നാലാം ടി20 ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് നീലപ്പട ഇറങ്ങുന്നത്.
മാക്സ്‍വെല്ലിന്റെ വെടിക്കെട്ടിൽ അവസാന മത്സരത്തിലേറ്റ ഞെട്ടിക്കുന്ന തോൽവിയുടെ ക്ഷീണം തീർക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അവസാന പന്തിൽ നേടിയ ജയത്തിലൂടെ പരമ്പരയിൽ നിലനിൽപ്പ് ഉറപ്പാക്കിയ ആത്മവിശ്വാസത്തിലാണ് ഓസ്ട്രേലിയ എത്തുന്നത്. അതേസമയം, പ്രമുഖ താരങ്ങളെല്ലാം നാട്ടിലേക്ക് മടങ്ങിയത് അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കും.
മൂന്നാം ടി20യില്‍ 222 റണ്‍സ് അടിച്ചെടുത്തിട്ടും പ്രതിരോധിക്കാനാവാത്ത ഇന്ത്യൻ ബൗളിംഗ് നിരയിൽ ഇന്ന് കാര്യമായ മാറ്റങ്ങൾ ഉറപ്പാണ്. വിവാഹത്തിനായി മൂന്നാം ടി20യിൽ നിന്ന് അവധിയെടുത്ത പേസര്‍ മുകേഷ് കുമാര്‍ തിരിച്ചെത്തുന്നത് ഡെത്ത് ബൗളിംഗിന് മൂര്‍ച്ച കൂട്ടും. പ്രസിദ്ധ് കൃഷ്ണ പുറത്താകും. അവസാന രണ്ട് മത്സരങ്ങൾക്കായി ടീമിലെടുത്ത ദീപക് ചഹാറും ഇലവനിൽ ഇടം ഉറപ്പിച്ചേക്കും. മൂന്നാം പേസറായി ആവേശ് ഖാന് അവസരം കിട്ടാനാണ് സാധ്യത.
അതേസമയം വൈസ് ക്യാപ്റ്റൻ സ്ഥാനത്തോട് കൂടി ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോൾ തിലക് വര്‍മ്മയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. റിതുരാജ് ഗെയ്ക്ക് വാദും യശസ്വി ജയ്സ്വാളും തകർപ്പൻ ഫോമിലാണ്.
ഗ്ലെൻ മാക്സ്‍വെൽ, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇൻഗ്ലിസ് എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയതിനാൽ ഓസീസ് ടീമിൽ ഇന്ന് മാറ്റമുണ്ടാകും. പരമ്പര നഷ്ടമാകാതിരിക്കാൻ മാത്യു വെയ്ഡിനും സംഘത്തിനും ഇത് ജീവന്മരണ പോരാട്ടമാണ്. ആദ്യ മൂന്ന് മത്സരങ്ങളിലെ പോലെ റണ്ണൊഴുകുന്ന പിച്ച് തന്നെയായിരിക്കും റായ്പൂരിലേതും. ജിയോ സിനിമയും സ്പോര്‍ട്‌സ് 18നും വഴി ആരാധകര്‍ക്ക് മത്സരം കാണാം. റായ്‌പൂര്‍ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരമാണിത്.