ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും ഇതിഹാസ തുല്ല്യനായ ബാറ്റർമാരിൽ ഒരാളാണ് സുനിൽ ഗവാസ്കർ. ഇന്ത്യക്കായി 125 ടെസ്റ്റുകളും 108 ഏകദിനങ്ങളും കളിച്ച ഗവാസ്‌കർ 1983 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ് ഗവാസ്കർ. 2005ൽ സച്ചിൻ റെക്കോർഡ് മറികടക്കുന്നതിന് മുമ്പ്, ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ (34) എന്ന ലോക റെക്കോർഡ് ഗവാസ്ക്കറുടെ പേരിലായിരുന്നു.
കഴിഞ്ഞ ദിവസം അദ്ദേഹം ഗുജറാത്തിൽ നിന്നുള്ള ഒരു രസകരമായ കാഴ്ച സോഷ്യൽ മീഡിയയിലെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷന് ‘സച്ചിൻ’ എന്ന് പേരിട്ടിരിക്കുന്നത് കണ്ട് ഇതിന് മുന്നിൽ നിന്ന് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഗവാസ്‌കർ.
“തനിക്ക് ഏറെ പ്രിയപ്പെട്ട, ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ പേര്, ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷന് ഏകദേശം ഒരു നൂറ്റാണ്ട് മുമ്പേ തന്നെ നൽകിയ ഈ നാട്ടുകാർ ഏറെ ദീർഘവീക്ഷണം ഉള്ളവരാണ്” എന്നായിരുന്നു ഗവാസ്കറുടെ തമാശ കലർന്ന അടിക്കുറിപ്പ്. നിമിഷ നേരം കൊണ്ട് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി.
നിരവധി ആരാധകരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. “സാർ, ഇതെന്റെ ഗ്രാമമാണ്. ഈ സച്ചിൻ എന്ന പേരിന് ഒറിജിനൽ സച്ചിൻ ടെണ്ടുൽക്കറുമായി യാതൊരു ബന്ധവുമില്ല. ഇതൊരു ലോക്കൽ സ്റ്റേഷനാണ്. അവിടെ എക്സ്പ്രസ് ട്രെയിനുകളൊന്നും നിർത്താറില്ല. നിങ്ങളെ പോലുള്ള ലെജൻഡിന് അവിടെയെന്താണ് കാര്യം?,” ഒരു ആരാധകൻ ചോദിച്ചു. സൂറത്തിലെ ഒരു രാജഭരണ പ്രദേശമായിരുന്നു ഇവിടമെന്നും പിന്നീട് ഇപ്പോൾ ഒരു ബിസിനസ് ഹബ്ബായി മാറിയെന്നും മറ്റൊരാൾ കുറിച്ചു. “സുനിൽ ഗവാസ്കറെ അവിടുത്തുകാരൊന്നും തിരിച്ചറിയുന്നില്ലല്ലോ,” എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ്.
ഒടുവിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും ഈ പോസ്റ്റിന് താഴെ കമന്റുമായെത്തി. “താങ്കളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഗവാസ്കർ സാർ. എന്തായാലും സച്ചിനിലെ കാലാവസ്ഥ നല്ല സണ്ണി (വെയിലുള്ളത്) ആണെന്നതിൽ വലിയ സന്തോഷമുണ്ട്!,” സച്ചിൻ കുറിച്ചു. തമാശ നിറഞ്ഞ ഈ മറുപടിയും ആരാധകർക്ക് നന്നേ രസിച്ചു.