ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഏറെ നാളുകൾക്ക് ശേഷം ശ്രേയസ് അയ്യർക്ക് സ്ഥാനം ലഭിച്ചിരിക്കുകയാണ്. അജിത്ത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രണ്ട് ടെസ്റ്റ് മാച്ചുകൾക്കുള്ള ടീമിനെ തിരഞ്ഞെടുത്തത്. അതേസമയം, രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ തിരിച്ചെത്തിയപ്പോഴും, രണ്ട് പ്രമുഖ താരങ്ങളുടെ അഭാവം ചർച്ചയാകുകയാണ്.
മധ്യനിരയിലെ കരുത്തന്മാരായ ചേതേശ്വർ പൂജാരയേയും അജിൻക്യ രഹാനെയേയും തഴഞ്ഞാണ് മധ്യനിരയിൽ താരതമ്യേന യുവതാരമായിട്ടുള്ള ശ്രേയസ്സിനെ കൊണ്ടുവന്നത്. ടി20, ഏകദിന മത്സരങ്ങൾക്ക് ശേഷം സെഞ്ചൂറിയനിലും ജൊഹന്നാസ്ബർഗിലും യഥാക്രമം ഡിസംബർ 26, ജനുവരി 3 എന്നീ ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2010ന് ശേഷം മാധ്യനിരയിൽ ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും ഇല്ലാതെ ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. വെസ്റ്റിൻഡീസിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ യശസ്വി ജെയ്സ്വാളിനെ ഓപ്പണിങ്ങിൽ നിലനിർത്താനാണ് സെലക്ടർമാരുടെ തീരുമാനം. രോഹിത്തിനൊപ്പം ജയ്സ്വാൾ ബാറ്റ് ചെയ്യുകയാണെങ്കിൽ ശുഭ്മൻ ഗിൽ മൂന്നാമതും വിരാട് കോഹ്ലി നാലാമനായും ബാറ്റിങ്ങിനെത്തും. ശ്രേയസ് അയ്യർ അഞ്ചാം സ്ഥാനത്തും ആറാമനായി രവീന്ദ്ര ജഡേജയും ബാറ്റ് ചെയ്യാനെത്തും.
Striking it clean 💥
Well hello @ShreyasIyer15 👋#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/pdwcBfsAUB
— BCCI (@BCCI) December 1, 2023
ആദ്യം പൂജാരയേയും രഹാനെയേയും തഴഞ്ഞത്, ഭാവിയിൽ കൂടുതൽ സീനിയർ താരങ്ങൾ ടീം വിടുന്ന സാഹചര്യത്തിൽ യുവതാരങ്ങൾക്ക് അവസരം നൽകാനാണെന്നാണ് സൂചന. സ്പിന്നർ കുൽദീപിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ആർ അശ്വിനും രവീന്ദ്ര ജഡേജയും ടീമിലെ സ്ഥാനം നിലനിർത്തി. ബുംറ, ഷമി, സിറാജ് പേസ് ത്രയം ടെസ്റ്റ് ടീമിൽ സ്ഥാനം പിടിച്ചു. 2022ൽ ഇംഗ്ലണ്ട് പരമ്പരയിലാണ് മൂവരും ഒന്നിച്ച് അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്.