വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് റാഞ്ചിയെടുത്ത പ്രതിഭാധനനായ ഓപ്പണിങ് ബാറ്ററായിരുന്നു മലയാളിയായ ദേവ്ദത്ത് പടിക്കൽ. കർണാടക രഞ്ജി ടീമിനായി കളിക്കുന്ന വെടിക്കെട്ട് ഓപ്പണറെ മധ്യനിരയിലാണ് രാജസ്ഥാന് കളിപ്പിക്കേണ്ടി വന്നത്. യശസ്വി ജെയ്സ്വാളും ജോസ് ബട് ലറും ഉൾപ്പെടുന്ന ടീമിൽ മറ്റൊരു ഓപ്പണർക്ക് സ്ഥാനം നൽകുക ബുദ്ധിമുട്ടായതിനാൽ, ബാറ്റിങ് പൊസിഷനിൽ മാറിമാറി പരീക്ഷിക്കേണ്ട അവസ്ഥയും വന്നു.
ഫലമോ പവർപ്ലേ ഓവറുകളിൽ ക്ലാസിക് ഇടങ്കയ്യൻ ഡ്രൈവുകളിലൂടെയും ലോഫ്റ്റഡ് ഷോട്ടുകളിലൂടെയും റണ്ണൊഴുക്കിയിരുന്ന പടിക്കലിന് പുതിയ സാഹചര്യങ്ങളുമായി ഒത്തിണങ്ങാൻ ഏറെ സമയമെടുത്തു. രാജസ്ഥാൻ ടീമിന്റെ കോച്ചും മെന്ററുമായ കുമാർ സംഗക്കാരയും സഞ്ജുവും ഇതിനൊരു പ്രതിവിധ കണ്ടെത്തിയത് ഏറെ വൈകിയാണ്. പവർപ്ലേ ഓവറുകളിൽ ഓപ്പണർമാരുടെ വിക്കറ്റുകൾ വീഴുമ്പോൾ വൺഡൌൺ പൊസിഷനിലും അല്ലാത്തപ്പോൾ നാലാമനായും ഇറക്കിയാണ് ദേവ്ദത്തിനെ കളിപ്പിച്ചത്.
To all those hits and a smile we’ll miss. Go well, DDP! 💗💗💗 pic.twitter.com/ONpXOULjNY
— Rajasthan Royals (@rajasthanroyals) November 22, 2023
അതേസമയം, ആദ്യ സീസണിൽ നിറം മങ്ങിയെങ്കിലും കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനമാണ് താരം പുറത്തെടുത്തത്. ഇത്തവണ ഐപിഎൽ താരലേലത്തിന് മുന്നോടിയായി മലയാളി താരത്തെ ലഖ്നൌ സൂപ്പർ ജയന്റ്സിന് വിൽക്കുകയാണ് രാജസ്ഥാൻ ചെയ്തത്. എന്നാൽ, വിജയ് ഹസാരെ ടി20 ടൂർണമെന്റിൽ നിന്ന് വരുന്ന വിവരങ്ങളാണ് രാജസ്ഥാന്റെ നെഞ്ച് കലക്കുന്നത്. കളിച്ച നാല് മത്സരങ്ങളിലും 70ന് മുകളിൽ സ്കോർ തകർപ്പൻ ഫോമിലാണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ ‘പടിക്കൽ’.
ജമ്മു കശ്മീരിനെതിരെ 35 പന്തിൽ നിന്ന് 71, ഉത്തരാഖണ്ഡിനെതിരെ 112 പന്തിൽ നിന്ന് 117, ഡൽഹിക്കെതിരെ 69 പന്തിൽ നിന്ന് 70, ബിഹാറിനെതിരെ 57 പന്തിൽ നിന്ന് 93 എന്നിങ്ങനെയാണ് ദേവ്ദത്ത് പടിക്കലിന്റെ ഇടിവെട്ട് ബാറ്റിങ്ങ് പ്രകടനം.
.@devdpd07 exceptional form in the ongoing Vijay Hazare Trophy 2023 persists. pic.twitter.com/flLGl5xpim
— CricTracker (@Cricketracker) November 30, 2023
താരത്തെ കൈവിട്ടത് രാജസ്ഥാന് പാരയാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഐപിഎല്ലിൽ ലഖ്നൌവിനെ നേരിടുമ്പോൾ സഞ്ജുവിനും കൂട്ടർക്കും ഈ മലയാളി താരം വെല്ലുവിളിയാകാതിരുന്നാൽ ഭാഗ്യമെന്ന് കരുതാം. ക്രീസിൽ ബാറ്റ് വീശുമ്പോൾ ടൈമിങ്ങും പവർ ഹിറ്റിങ്ങും ഒരുപോലെ വഴങ്ങുന്ന മികവുറ്റ താരമാണ് ദേവ്ദത്ത് പടിക്കൽ.