രാഹുൽ ദ്രാവിഡ് വരുന്ന നടക്കാനിരുക്കുന്ന ടി20 ലോകകപ്പ് വരെ മാത്രമെ ഇന്ത്യൻ കോച്ചായി തുടരുകയുള്ളൂവെന്ന് റിപ്പോർട്ട്. കോച്ചായി തുടരാൻ ആദ്യമെ തന്നെ താൽപ്പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിരുന്നു. 2024 ജൂൺ മാസത്തിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പോടെ മുൻ ഇന്ത്യൻ താരം പദവിയൊഴിയുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ടി20 ഫോർമാറ്റിൽ കോച്ചായി ആശിഷ് നെഹ്റയെ നിശ്ചയിക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം താൽപ്പര്യമില്ലെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഉദ്ഘാടന സീസണിൽ കിരീടം നേടുകയും, 2023ൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് ആവേശകരമായ ഫൈനലിൽ തോൽക്കുകയും ചെയ്ത ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന കോച്ചാണ് നെഹ്‌റ. ഇതോടെയാണ് നിലവിലെ സ്ഥിതി തുടരാനും ദ്രാവിഡിനെ നിലനിർത്താനും ബിസിസിഐ തീരുമാനിച്ചത്.
ടി20 ലോകകപ്പ് വരെ ദ്രാവിഡ് മുഖ്യ പരിശീലകനായി തുടരുന്നതിനെ അനുകൂലിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും രംഗത്തെത്തിയിരുന്നു. ദ്രാവിഡ് കോച്ചായി ചുമതലയേറ്റ ശേഷമുള്ള രണ്ട് വർഷത്തെ കാലയളവിൽ, ഇന്ത്യ ഏകദിന ലോകകപ്പിന്റെയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെയും ഫൈനലിലെത്തിയിരുന്നു. നിർഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഐസിസി കിരീടം നഷ്ടമായത്.
ലോകകപ്പോടെ കരാർ അവസാനിച്ച ഇന്ത്യൻ ടീമിലെ സപ്പോർട്ടിങ്ങ് സ്റ്റാഫും ദ്രാവിഡിനൊപ്പം തുടരും. വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനുമാണ്. നേരത്തെ രാഹുൽ ദ്രാവിഡിന്റെ കരാർ ലോകകപ്പോടെ അവസാനിച്ചിരുന്നു. 2021 നവംബർ മുതൽക്കാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായി വന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഡിസംബർ 10 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. സഞ്ജു സാംസണെ ഈ പരമ്പരയിലേക്ക് പരിഗണിക്കുമെന്നാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ നൽകുന്ന സൂചന. ബിസിസിഐയും മുഴുവൻ പിന്തുണയാണ് ഇന്ത്യയുടെ വന്മതിലിന് നൽകുന്നത്. നിസ്വാർത്ഥനായ കോച്ചാണ് അദ്ദേഹമെന്നും ബിസിസിഐ നേതൃത്വം അദ്ദേഹത്തെ അഭിനന്ദിച്ചു.