ഡിസംബർ 10ന് ഡർബനിൽ തുടങ്ങാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലി കളിച്ചേക്കില്ലെന്ന് സൂചന. ഇടവേള എടുക്കാനുള്ള തന്റെ തീരുമാനം കോഹ്‌ലി ബിസിസിഐയെ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യ മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളും തുടർന്ന് രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കുന്നുണ്ട്. ഇതിൽ ആദ്യം നടക്കുന്ന ടി20, ഏകദിന മത്സരങ്ങളിൽ നിന്നാണ് കോഹ്ലി വിട്ടുനിൽക്കുക.
എന്നിരുന്നാലും, ടെസ്റ്റ് മത്സരങ്ങളിൽ കോഹ്‌ലിയെ കളിപ്പിക്കാൻ ബിസിസിഐ ഒരുങ്ങുകയാണെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് തനിക്ക് ഒരു ഇടവേള ആവശ്യമാണെന്ന് കോഹ്‌ലി ബിസിസിഐയേയും സെലക്ടർമാരെയും അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളാണ് പ്രതികരിച്ചത്. ഏകദിന ലോകകപ്പിൽ 11 ഇന്നിംഗ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 765 റൺസാണ് കോഹ്‌ലി നേടിയത്. ടൂർണമെന്റിലെ കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
“അടുത്തതായി എപ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോഹ്ലി ബോർഡിനെ അറിയിക്കും. താൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. അതായത് ദക്ഷിണാഫ്രിക്കയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള സെലക്ഷനിൽ അദ്ദേഹം ലഭ്യമാണ്,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. മുൻ ഇന്ത്യൻ ഓൾറൗണ്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റി മൂന്ന് ഫോർമാറ്റുകൾക്കുമുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിൽ തിരഞ്ഞെടുക്കും. ആദ്യ ബോക്‌സിംഗ് ഡേ ടെസ്റ്റ് മാച്ച് സെഞ്ചൂറിയനിലും രണ്ടാം ടെസ്റ്റ് കേപ്ടൗണിലുമാണ് നടക്കുന്നത്.
കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോഹ്‌ലി ഒരു ഇടവേള എടുത്തിരുന്നു. വെസ്റ്റ് ഇൻഡീസിലും സിംബാബ്‌വേയിലും നടന്ന രണ്ട് പരിമിത ഓവർ പരമ്പരകളിൽ നിന്നാണ് കോഹ്ലി ഇടവേളയെടുത്തത്. തിരിച്ചുവരവിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്ത്. ഫോമില്ലാതെ ഉഴലുമ്പോൾ അന്നത്തെ ഇടവേള തനിക്ക് എങ്ങനെ പ്രയോജപ്പെട്ടു എന്നതിനെ കുറിച്ച് കോഹ്ലി അടുത്തിടെ മനസ്സ് തുറന്നിരുന്നു.
“10 വർഷത്തിനിടെ ആദ്യമായി ഞാൻ ഒരു മാസത്തേക്ക് എന്റെ ബാറ്റിൽ തൊട്ടില്ല. എന്റെ ജീവിതത്തിൽ നേരത്തെ ഞാൻ അങ്ങനെ ചെയ്തിട്ടേയില്ല. ഈയിടെയായി ഞാൻ എന്റെ തീവ്രത വ്യാജമായി കൂട്ടാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എനിക്ക് അത് ചെയ്യാൻ കഴിയും. നിങ്ങൾ മത്സരബുദ്ധിയുള്ളവനാണ്. നിങ്ങൾക്ക് തിരിച്ചുവരാൻ ശേഷിയുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്തുകയായിരുന്നു ഞാൻ. എന്നാൽ ശരീരം എന്നോട് വിശ്രമിക്കാനാണ് ആവശ്യപ്പെട്ടത്.
മുൻ കോച്ച് രവി ശാസ്ത്രി എന്താണ് ഉപദേശിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഞാൻ ആരെക്കാളും 50% കൂടുതൽ മത്സരങ്ങൾ കളിച്ചുവെന്നാണ് രവി ഭായ് സൂചിപ്പിച്ചത്. ഈ കാര്യങ്ങൾ അവഗണിക്കുന്നത് വളരെ പ്രശ്നമാണ്. അതേസമയം, നിങ്ങൾ എപ്പോഴും ഫിറ്റായിരിക്കണം. സ്വയം കഠിനാധ്വാനം ചെയ്യണം,” കോഹ്‌ലി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ ലോകകപ്പിനിടെ, സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ചുറികളുടെ ഏകദിന റെക്കോഡിന് ഒപ്പമെത്തുക മാത്രമല്ല, കോഹ്‌ലി ആ റെക്കോർഡ് തകർക്കുകയും ചെയ്തിരുന്നു. ന്യൂസിലൻഡിനെതിരായ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കോലി സച്ചിന്റെ റെക്കോർഡ് തകർത്തത്. ബംഗ്ലാദേശിനെതിരെ (103), ദക്ഷിണാഫ്രിക്കയ്ക്കെതിരെ (101*), ന്യൂസിലൻഡിനെതിരെ (117) എന്നിങ്ങനെ ആയിരുന്നു സ്കോർ. ഫൈനലിൽ കോഹ്ലി 63 പന്തിൽ 54 റൺസ് നേടിയിരുന്നു. മത്സരം ഓസ്‌ട്രേലിയ 6 വിക്കറ്റിന് വിജയിച്ചു.
Read More Sports Stories Here
- ഐപിഎൽ 2024: മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദ്ദിക്കിന്റെ തിരിച്ചുവരവ് സാധ്യമായതെങ്ങനെ?
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- സഞ്ജു സാംസൺ ഇരൂനൂറ് ശതമാനം ഇന്ത്യൻ ടീമിന്റെ പദ്ധതികളുടെ ഭാഗമെന്ന് ചീഫ് സെലക്ടർ
- ഐപിഎൽ 2024: സഞ്ജു സാംസൺ ആരാധകർക്കൊരു സന്തോഷ വാർത്ത