ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ കോച്ചായി വിവിഎസ് ലക്ഷ്മണെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിന് ശേഷം തുടർന്നും കോച്ച് പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് രാഹുൽ ദ്രാവിഡ് ബിസിസിഐ അധികൃതരെ അറിയിച്ചിട്ടുണ്ട്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇന്ത്യൻ എ ടീമിന്റെ കോച്ചാണ് ലക്ഷ്മൺ.
രാഹുൽ ദ്രാവിഡിന്റെ കരാർ ലോകകപ്പോടെ അവസാനിച്ചിരുന്നു. 2021 നവംബർ മുതൽക്കാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ കോച്ചായി വന്നത്. ഇതിന് ശേഷം കരാർ പുതുക്കാൻ ബിസിസിഐയ്ക്ക് താൽപ്പര്യം ഉണ്ടായിരുന്നെങ്കിലും കോച്ചിങ്ങ് കരിയറിൽ നിന്ന് വിട്ടുനിൽക്കാനാണ് താൽപ്പര്യമെന്ന് ദ്രാവിഡ് അറിയിച്ചെന്നാണ് സൂചന. അതേസമയം, ദ്രാവിഡ് ഐപിഎല്ലിൽ ഒരു ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ഇത് രണ്ട് വർഷത്തെ കരാർ ആകുമെന്നും സൂചനയുണ്ട്.
സീനിയർ ടീമിന്റെ കോച്ച് പദവി ഏറ്റെടുക്കാൻ ലക്ഷ്മൺ സന്നദ്ധത അറിയിച്ചതായും അഹമ്മദാബാദിലെത്തി ബിസിസിഐ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിലും ലക്ഷ്മൺ തന്നെയാണ് ടീമിന്റ പരിശീലകൻ. ഇതിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ലക്ഷ്മണിനെ ഇന്ത്യൻ കോച്ചായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഡിസംബർ 10 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. ലക്ഷ്മൺ ടീമിനൊപ്പം പോകാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ലോകകപ്പോടെ കരാർ അവസാനിച്ച ഇന്ത്യൻ ടീമിലെ സപ്പോർട്ടിങ്ങ് സ്റ്റാഫിലെ മറ്റ് അംഗങ്ങൾ തുടരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. വിക്രം റാത്തോർ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനും ടി ദിലീപ് ഫീൽഡിംഗ് പരിശീലകനുമായിരുന്നു.
Read More Sports Stories Here
- സഞ്ജു സാംസണെ തഴയുന്നതെന്തിനാണ്; സെലക്ടർമാരെ പൊരിച്ച് ശശി തരൂർ
- ക്രിക്കറ്റിൽ പുതിയ നിയമം വരുന്നു; എന്താണ് ‘സ്റ്റോപ്പ് ക്ലോക്ക്’?
- ഗ്യാലറിയിൽ ഏറ്റുമുട്ടി ബ്രസീൽ-അർജന്റീന ഫാൻസ്; കൂളാക്കാൻ ഇടപെട്ട് മെസ്സിയും സഹതാരങ്ങളും, വീഡിയോ
- ലക്ഷ്യം വരാനിരിക്കുന്ന ടി20 ലോകകപ്പ്; കണക്കു തീർക്കാൻ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും