അമ്പതാം ഏകദിന സെഞ്ചുറിയടിച്ച് സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് തകർത്ത ശേഷം, ആരാധകരെ ബാറ്റുയർത്തി അഭിവാദ്യം ചെയ്യുന്ന വിരാട് കോഹ്ലിയുടെ ചിത്രം ഓർമ്മയിലുണ്ടോ? വിരാടിന്റെ ബാറ്റിൽ കാണുന്ന പരസ്യം ശ്രദ്ധിച്ചിട്ടുണ്ടോ? അതേ, ടയർ കമ്പനിയായ എംആർഎഫിന്റെ ലോഗോ തന്നെ. ഈ ലോഗോയിലെ പരസ്യ വരുമാനത്തിന്റെ കാര്യത്തിലും സച്ചിന്റെ റെക്കോഡ് പണ്ടേ തകർത്തതാണെന്ന കാര്യം എത്ര പേർക്ക് അറിയാം.
ഇന്ത്യൻ ക്രിക്കറ്റിൽ ബാറ്റിൽ സ്പോൺസറുടെ ലോഗോ പതിപ്പിച്ച് ആദ്യം ട്രെൻഡിങ്ങ് തുടങ്ങിവച്ചത് ഇതിഹാസ താരമായ കപിൽ ദേവ് ആയിരുന്നു. പിന്നീട് രാഹുൽ ദ്രാവിഡ് (ബ്രിട്ടാനിയ), ഗാംഗുലി (ഹീറോ ഹോണ്ട), സച്ചിൻ (എംആർഎഫ്), മുഹമ്മദ് അസ്ഹറുദ്ദീൻ (റീബോക്ക്) എന്നിവരുടെ ബാറ്റുകളെല്ലാം ഇന്ത്യൻ ആരാധകരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടാകും.
സച്ചിൻ കളിച്ചിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന എംആർഎഫ് ബാറ്റ് കൊണ്ട് പ്രതിവർഷം എട്ട് കോടി രൂപയായിരുന്നു സ്പോൺസർഷിപ്പ് വരുമാനമായി അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അക്കാലത്ത് സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ സച്ചിനെ വെല്ലാൻ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് സച്ചിനെ പോലെ സെഞ്ചുറികളെ പ്രണയിച്ച വിരാടിന് പിന്നാലെയായി എംആർഎഫ്.
നിലവിൽ 2025 വരെ 100 കോടി രൂപയുടെ സ്പോൺസർഷിപ്പിലാണ് കോഹ്ലി എംആർഎഫുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. അതായത് ബാറ്റിലെ പരസ്യ വരുമാനം മാത്രം പരിഗണിക്കുമ്പോൾ പ്രതിവർഷം 12.5 കോടി രൂപയാണ് കോഹ്ലിക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ബാറ്റിന്റെ സ്പോൺസർഷിപ്പിൽ കോഹ്ലിയെ വെല്ലാൻ സാക്ഷാൽ രോഹിത്ത് ശർമ്മയ്ക്ക് പോലും സാധിച്ചിട്ടില്ല.
ഹിറ്റ്മാന്റെ സ്പോൺസർമാരായ ‘സിയറ്റ്’ പ്രതിവർഷം നാല് കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. ഡേവിഡ് വാർണർ (3.3 കോടി രൂപ), സ്റ്റീവ് സ്മിത്ത് (2.45 കോടി രൂപ) എന്നിവരാണ് ഈ പട്ടികയിൽ പിന്നിലുളളത്. വിരമിച്ചെങ്കിലും സിഎസ്കെയുടെ നായകനായ ധോണിയാണ് അഞ്ചാമത്. പ്രതിവർഷം 2.2 കോടിയാണ് ധോണിക്ക് ആദ്യത്തെ കമ്പനിയായ ‘സ്പാർട്ടൻ’ അവർ നൽകിയിരുന്നത്. ഇപ്പോഴാകട്ടെ ബിഎഎസ് എന്ന കമ്പനിയാണ് ധോണിയുടെ സ്പോൺസർ. തുക അതേ സംഖ്യ തന്നെയാണ്.
ബാറ്റ് സ്പോൺസർഷിപ്പ്: ക്രിക്കറ്റിൽ കൂടുതൽ വരുമാനം നേടുന്ന താരങ്ങൾ
1. വിരാട് കോഹ്ലി – Rs 12.5 crore
2. രോഹിത് ശർമ്മ – Rs 4 crore
3. ഡേവിഡ് വാർണർ – Rs 3.3 crore
4. സ്റ്റീവ് സ്മിത്ത് – Rs 2.45 crore
5. എംഎസ് ധോണി – Rs 2.2. crore
6. റിഷഭ് പന്ത് – Rs 2 crore
7. ജോ റൂട്ട് – Rs 1.8 crore
8. കെയ്ൻ വില്ല്യംസൺ – Rs 1.64 crore