ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ആഘാതം ഇന്ത്യൻ ടീമും ആരാധകരും മറന്നു തുടങ്ങുന്നതേയുള്ളൂ. ഈ സങ്കടം മാറ്റുന്ന ഒരു കാര്യം പറയാം. ലോകകപ്പ് ഫൈനലിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ ടീമിന് വൻ തുകയാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളത്. രണ്ട് മില്യൺ ഡോളറാണ് ഐസിസി പ്രതിഫലമായി ലഭിക്കുക. ലോകകപ്പിൽ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചെത്തിയ രോഹിത്തിനേയും സംഘത്തേയും ഫൈനലിൽ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ തകർത്തത്.
ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ജയിക്കുന്ന ടീമിന് ഇതാദ്യമായി ഐസിസി പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഒരു മത്സരം ജയിച്ചാൽ 40,000 ഡോളറാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ സമ്മാനം പ്രഖ്യാപിച്ചത്. ഇതുവഴി 10 മത്സരം ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 3,60,000 ഡോളർ കൂടി അധികമായി ലഭിക്കും. ഇതോടെ ലോകകപ്പിൽ പങ്കെടുക്കുക വഴി ടീം ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 23,60,000 ഡോളറാണ്. ഏകദേശം 19.67 കോടി രൂപയോളമാണിത്.
ഓസ്ട്രേലിയയ്ക്ക് ലോട്ടറി, കിട്ടുക 36 കോടിയോളം രൂപ
അതേസമയം ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് നാല് മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിക്കുക. അവരുടെ ഒമ്പത് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ ഏഴും വിജയിച്ചതിന് അവർക്ക് 2,80,000 ഡോളർ അധികമായി ലഭിച്ചു. 2023 ലോകകപ്പിലെ ഓസ്‌ട്രേലിയയുടെ മൊത്തം വരുമാനം 42,80,000 ഡോളറാണ്. അതായത് 35.67 കോടി രൂപയാണ് കംഗാരുപ്പട ഇന്ത്യയിലെ ലോകകപ്പിൽ നിന്ന് സ്വന്തമാക്കിയത്.
ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പുറമെ സെമി ഫൈനലിസ്റ്റുകളായ ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. സെമിയിൽ എത്തിയതിന് ഇരുവർക്കും 800,000 വീതം ലഭിച്ചുവെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ മത്സരങ്ങൾ ജയിച്ചതിനാൽ ദക്ഷിണാഫ്രിക്ക കൂടുതൽ സമ്പാദ്യം നേടി. ഓസ്‌ട്രേലിയയെ പോലെ ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് മത്സരങ്ങൾ വിജയിച്ചതിന്, അവർക്ക് 280,000 യുഎസ് ഡോളർ അധികമായി ലഭിച്ചു. മറുവശത്ത്, കിവീസ് അവരുടെ അഞ്ച് വിജയങ്ങൾക്കായി 200,000 ഡോളർ സ്വന്തമാക്കി.
ആരേയും വെറുംകൈയോടെ മടക്കാത്ത ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ്
ഈ ലോകകപ്പിൽ ഒരു ടീമും വെറുംകൈയോടെ പോയില്ലെന്നതാണ് ഓരോ ഗ്രൂപ്പ് ഘട്ട വിജയത്തിനും ഉള്ള സമ്മാനത്തുക. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിൽ എത്തിയ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും 1,60,000 ഡോളർ വീതം നേടി. മൂന്ന് മത്സരങ്ങൾ ജയിച്ചതിന് മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് 1,20,000 യുഎസ് ഡോളർ നേടി. ടൂർണമെന്റിലെ രണ്ട് വിജയങ്ങൾക്ക് ബംഗ്ലാദേശ്, ശ്രീലങ്ക, നെതർലാൻഡ്‌സ് എന്നിവ 80,000 ഡോളർ വീതം നേടി.
Read More Sports Stories Here
- നൊസ്റ്റാൾജിയ ഉണർത്തുന്ന റീബോക്കും ബ്രിട്ടാനിയയും; ബാറ്റിൽ നിന്ന് കോടികൾ വാരി താരങ്ങൾ
- ഷമിയെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് മോദി; തിരിച്ചുവരുമെന്ന് പ്രിയതാരം
- ലോകകപ്പില്‍ കാല്‍ കയറ്റി വച്ച് മിച്ചല്‍ മാര്‍ഷ്, അല്‍പ്പം ബഹുമാനമാവാം എന്ന് ക്രിക്കറ്റ് പ്രേമികള്‍
- തലയുയർത്തിപ്പിടിച്ച് നടക്കൂ; രോഹിത്തിനും കൂട്ടർക്കും ഊർജ്ജം പകർന്ന് ഇതിഹാസം