ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റ് രണ്ടാം സ്ഥാനക്കാരായി മാറിയ ഇന്ത്യൻ ടീമിനെ ഡ്രസ്സിങ്ങ് റൂമിലെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോൽവിയിൽ നിരാശരായിരുന്ന ഇന്ത്യൻ താരങ്ങളോട് കുറേനേരം സംസാരിച്ചതിന് ശേഷമാണ് നരേന്ദ്ര മോദി തിരിച്ചുപോയത്. രവീന്ദ്ര ജഡേജയോടും മുഹമ്മദ് ഷമിയോടും മോദി സംസാരിക്കുന്നതിന്റെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
24 വിക്കറ്റുകളുമായി ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായ മുഹമ്മദ് ഷമിയെ, പ്രധാനമന്ത്രി നെഞ്ചോട് ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ഷമി ഒരു പോസ്റ്റുമിട്ടു.
“ദൌർഭാഗ്യവശാൽ ഇന്നലെ നമ്മുടെ ദിവസമായിരുന്നില്ല. ടൂർണമെന്റിലുടനീളം ഞങ്ങളെ പിന്തുണച്ച മുഴുവൻ ഇന്ത്യക്കാർക്കും ഞാൻ നന്ദിയറിയിക്കുകയാണ്. ഞങ്ങളുടെ ഡ്രസ്സിങ്ങ് റൂമിലേക്ക് വരികയും ഞങ്ങളുടെയെല്ലാം ആവേശം ഉയർത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്നും നന്ദിയുള്ളവനായിരിക്കും. ഞങ്ങൾ ഉറപ്പായും ശക്തമായി തിരിച്ചുവരും,” ഷമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബൌളിങ്ങ് പ്രകടനം ഉൾപ്പെടെ നടത്തിയാണ് മുഹമ്മദ് ഷമി ഇന്ത്യയുടെ അഭിമാന താരമായത്. വെറും 257 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി ഇന്ത്യയ്ക്കായി 24 വിക്കറ്റുകൾ കൊയ്തത്. ലോകകപ്പിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായും ഷമി മാറിയിരുന്നു. സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 57 റൺസ് വഴങ്ങി 7 വിക്കറ്റ് നേടി ഷമി കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
അതേസമയം, ഓസ്ട്രേലിയൻ ടീമിന് ലോകകപ്പ് ട്രോഫി കൈമാറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോൾ ചെയ്യപ്പെടുന്നുണ്ട്. ട്രോഫിയിൽ നിന്ന് പിടിവിടാൻ സമയമെടുത്തതും, ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് പലതവണ ഹസ്തദാനം ചെയ്തതുമാണ് കാണികളെ ട്രോളന്മാർക്ക് ചിരിക്ക് വക നൽകിയത്.