വാംഖഡെ ഇന്ന് സാക്ഷ്യം വഹിച്ചത് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കുന്ന കാഴ്ചകളായിരുന്നു. സാക്ഷാൽ, സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവുമധികം സെഞ്ചുറികളെന്ന ലോക റെക്കോഡ് കീഴടക്കി നിൽക്കുമ്പോഴും, തന്റെ ആരാധ്യപുരുഷനോടുള്ള ആദരവ് ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുകയാണ് വിരാട് കോഹ്ലിയെന്ന ഇതിഹാസം കാണിച്ചത്.
50ാം സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഇരു കൈകളും ആകാശത്തേക്കുയർത്തി, ഗ്യാലറിയിൽ നിൽക്കുന്ന സച്ചിന് മുന്നിൽ തലകുനിച്ച് വണങ്ങുകയാണ് കോഹ്ലി ചെയ്തത്. ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും അയാൾ അഹങ്കാരത്തിന്റെ ഒരു കണിക പോലുമില്ലാതെ പച്ചമനുഷ്യനായി മാറി.
സ്വന്തം കുടുംബം മാത്രമായിരുന്നില്ല ഗ്യാലറിയിൽ അദ്ദേഹത്തിന്റെ അമ്പതാമത് സെഞ്ചുറിക്കായി കാത്തിരുന്നത്. വിവ് റിച്ചാർഡ്സിനെ പോലുള്ള ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിഭകളെ സാക്ഷി നിർത്തിയായിരുന്നു കോഹ്ലിയുടെ അവിശ്വസനീയ പ്രകടനം.
Moment of the day! 😍😘@sachin_rt ♥️ @imVkohli#INDvsNZ pic.twitter.com/3FwCLbKZcn
— Satheesh (@Satheesh_2017) November 15, 2023
അതിന് ശേഷം ഗ്യാലറിയിൽ എണീറ്റ് നിന്ന് തന്നെ കയ്യടികളോടെ പ്രോത്സാഹിപ്പിക്കുന്ന ഭാര്യ അനുഷ്ക ശർമ്മയ്ക്ക് നേരെ ഒരു ഫ്ലൈയിങ് കിസ്സ് കൂടി പറത്തിവിട്ടു. ക്രിക്കറ്റ് പിച്ചിൽ കോഹ്ലിയുടെ ഈ ടൈമിങ്ങിന് കൂടി ഏറെ പ്രസക്തിയുണ്ട്. സച്ചിന്റെ ഹോംഗ്രൊണ്ടിൽ വെച്ച്, അദ്ദേഹം കളി കണ്ടുകൊണ്ടിരിക്കെ തന്നെ അദ്ദേഹത്തിന്റെ റെക്കോഡ് തകർക്കുകയെന്നാൽ, അത് കോഹ്ലിക്ക് മാത്രം സാധ്യമായ റേഞ്ചാണ്. ക്രിക്കറ്റിൽ മറ്റൊരു ജീനിയസിന് മാത്രം സാധ്യമാകുന്ന മാജിക്ക്.
നിരവധി റെക്കോഡുകളാണ് ഒരൊറ്റ ദിവസം കൊണ്ട് വിരാട് കോഹ്ലി കടപുഴക്കിയത്. സച്ചിനെ പോലൊരു ഇതിഹാസമോ, രാഹുൽ ദ്രാവിഡിനെ പോലൊരു സാങ്കേതിക തികവുറ്റ കളിക്കാരനോ, ധോണിയെ പോലൊരു വെടിക്കെട്ട് ബാറ്ററോ, രോഹിത്ത് ശർമ്മയെ പോലെ ആക്രമണോത്സുക ഷോട്ടുകളോ കൈവശമില്ലെങ്കിലും… ഈ പ്രതിഭകളുടെയെല്ലാം ഗുണങ്ങൾ അദ്ദേഹത്തിൽ അടങ്ങിയിരുന്നു. അത്ഭുതകരമെന്ന് പറയട്ടെ, ഈ ഗുണങ്ങളെല്ലാം കോഹ്ലിയിൽ സമ്മേളിക്കുമ്പോൾ മുൻഗാമികളേക്കാൾ മികവുറ്റ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ട കാര്യം.
@imVkohli #INDvsNZ pic.twitter.com/7aSxP0NqDo
— Abhinav singh (@Abhinav_tmk) November 15, 2023
സച്ചിന്റെ 49 സെഞ്ചുറികളെന്ന നേട്ടം മറികടക്കുകയെന്നത് ഹിമാലയം കീഴടക്കുന്നതിനേക്കാൾ പ്രയാസകരമായൊരു സംഗതിയാണ്. അതും പുഷ്പം പറിക്കും പോലെ കോഹ്ലി മറകടന്നു. ഇടക്കാലത്ത് വർഷങ്ങളോളം സെഞ്ചുറി കണ്ടെത്താനാകാതെ തീർത്തും ഫോം ഔട്ടായി പോയൊരു താരമാണ് ഈ മാജിക്ക് കാണിക്കുന്നതെന്നും ക്രിക്കറ്റ് പ്രേമികളായ നമുക്ക് ഓർമ്മ വേണം.
ഏകദിന ക്രിക്കറ്റിൽ ഒരു സവിശേഷമായ ബാറ്റിങ്ങ് ശൈലി തന്നെ രൂപപ്പെടുത്തിയ ഇതിഹാസമായിരുന്നു സച്ചിൻ. എന്നാൽ, കടുത്ത സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും സച്ചിന് പരാജയപ്പെട്ടിട്ടുണ്ട്. അവിടെയാണ് കോഹ്ലിയുടെ മികവ് വർധിക്കുന്നതും. എത്ര വലിയ സ്കോറുകളും ചേസ് ചെയ്യാനും വിജയം എതിരാളികളിൽ നിന്ന് പിടിച്ചെടുക്കാനുമുള്ള മനോധൈര്യം ചെറുപ്രായത്തിൽ തന്നെ കിങ് കോഹ്ലി പ്രകടിപ്പിച്ചിരുന്നു.
ഏകദിന ബാറ്റിംഗ് വിപ്ലവത്തിന് യഥാർത്ഥത്തിൽ തുടക്കമിട്ടത് താനാണെന്ന് സച്ചിന് അഭിമാനിക്കാം. അതിന് ശേഷം ഏകദിന ക്രിക്കറ്റിലെ പരിണാമ പ്രക്രിയകൾക്ക് മേൽനോട്ടം വഹിച്ചത് വിരാട് കോഹ്ലിയാണെന്നും നമുക്ക് സമ്മതിക്കേണ്ടി വരും.