ഇന്ത്യ-ന്യൂസിലൻഡ് ലോകകപ്പ് സെമി ഫൈനല്‍ കാണാന്‍ മുന്‍ ഇംഗ്ലീഷ് ഫുട്ബാള്‍ ലെജൻഡായ ഡേവിഡ് ബെക്കാം വാംഖഡെ സ്റ്റേഡിയത്തിലെത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും റയല്‍ മാഡ്രിഡിന്റെയും മുന്‍ മിഡ്ഫീല്‍ഡറായ ബെക്കാം കളി കാണാനെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും മുംബൈക്കാരനുമായ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമാണ് ബെക്കാം ഗ്രൌണ്ടിലെത്തിയത്.
യൂണിസെഫിന്റെ ഗുഡ് വില്‍ അംബാസഡര്‍ എന്ന നിലയിലാണ് ബെക്കാം മത്സരം കാണാനെത്തിയത്. ക്രിക്കറ്റിലൂടെ സ്ത്രീകളേയും കുട്ടികളേയും ശാക്തീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിന്റെ (ഐസിസി) പദ്ധതിയിൽ യൂണിസെഫും കൂട്ടാളിയാണ്. സച്ചിനൊപ്പം വിവിഐപി ഗ്യാലറിയിൽ ഇരുന്നാണ് ബെക്കാം സെമി ഫൈനൽ കാണുന്നത്. നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും, രജനീകാന്ത് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും മത്സരം കാണാനെത്തിയിട്ടുണ്ട്.
കളി തുടങ്ങും മുമ്പ് ബെക്കാം ഇരു ടീമിലെയും കളിക്കാരുമായി ആശയവിനിമയം നടത്തി. താരങ്ങളുടെ പരിശീലന സെഷനിടെ ഗ്രൌണ്ടിലെത്തിയ ബെക്കാം ഇന്ത്യൻ താരങ്ങളോടെല്ലാം ഏറെ സൌഹാർദ്ദപരമായാണ് പെരുമാറിയത്. ബിസിസിഐ സെക്രട്ടറി ജെയ് ഷാ, അഞ്ജലി സച്ചിൻ എന്നിവർക്കൊപ്പമാണ് ബെക്കാം ഇരുന്നത്. പവർപ്ലേയിലെ ഹിറ്റ്മാന്റെ വെടിക്കെട്ട് ബാറ്റിങ്ങ് ബെക്കാമിന് നന്നേ ബോധിച്ചു.