ലോകകപ്പ് ചരിത്രത്തിൽ ഹിറ്റ്മാൻ രോഹിത്ത് ശർമ്മയ്ക്ക് പുതിയൊരു റെക്കോഡ് കൂടി സ്വന്തം. സിക്സറടി മേളത്തിൽ സാക്ഷാൽ ക്രിസ് ഗെയ്ലിനെ വരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത്തിന്റെ മുന്നേറ്റം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം സിക്സറുകൾ പറത്തിയ താരമായാണ് ഇന്ന് രോഹിത്ത് മാറിയത്. ഏകദിന ലോകകപ്പുകളിൽ ഇതുവരെ 50 സിക്സറുകളാണ് താരം പറത്തിയത്.
ക്രിസ് ഗെയ്ൽ (49), എബി ഡിവില്ലിയേഴ്സ് (37), റിക്കി പോണ്ടിങ്ങ് (31), ബ്രണ്ടൻ മക്കല്ലം (29) എന്നിവരാണ് ലോകകപ്പ് ചരിത്രത്തിലെ ഉയർന്ന സിക്സറടിക്കാർ. 36കാരനായ രോഹിത്ത് ശർമ്മ ഇനിയൊരു ലോകകപ്പ് കളിക്കുമോയെന്ന് വ്യക്തമല്ല. അതിനാൽ തന്നെ ഒരു ഫൈനൽ കൂടെ ശേഷിക്കെ ഈ റെക്കോഡിന് സമീപകാലത്തൊന്നും തന്നെ ഇളക്കം തട്ടാനിടയില്ല.
ഒന്നാം സെമി ഫൈനലിൽ കീവീസിന്റെ ലോകോത്തര ബൌളിങ്ങ് നിരയ്ക്കെതിരെയും എണ്ണം പറഞ്ഞ നാലു സിക്സുകളാണ് രോഹിത്ത് നേടിയത്. അതിൽ താരത്തിന്റെ ഫേവറിറ്റ് ഷോട്ടുകളായ പുൾ ഷോട്ടുകളും ഉൾപ്പെട്ടിരുന്നു. അർധസെഞ്ചുറിക്ക് മൂന്ന് റൺസകലെയാണ് രോഹിത്ത് വീണത്. 29 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറും സഹിതം, 162 സ്ട്രൈക്ക് റേറ്റോടെ ബാറ്റ് വീശിയ ഹിറ്റ്മാൻ പുറത്തായത് ന്യൂസിലൻഡിന് അൽപ്പം ആശ്വാസം നൽകിയിട്ടുണ്ട്.
🚨 Milestone Alert 🚨
Captain Rohit Sharma has now hit the most sixes in Men’s ODI World Cup 🫡#TeamIndia | #CWC23 | #MenInBlue | #INDvNZ pic.twitter.com/rapyuF0Ueg
— BCCI (@BCCI) November 15, 2023
ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം സമ്മാനിച്ച രോഹിത്ത് ടിം സൌത്തി എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. സൌത്തിയുടെ സ്ലോ ബോൾ കെണി തിരിച്ചറിയാതെ ഹിറ്റ്മാൻ ഉയർത്തിയടിച്ച പന്ത്, അതിമനോഹരമായൊരു ബാക്ക് വാർഡ് റണ്ണിങ്ങ് ക്യാച്ചിലൂടെ കെയ്ൻ വില്യംസണാണ് കൈപ്പിടിയിലൊതുക്കിയത്.
Read More Sports News Here
- ഇന്ത്യയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ച് ഹിറ്റ്മാൻ: India vs New Zealand Live Score, World Cup 2023 Semi Final
- സച്ചിനൊപ്പം വാംഖഡെയെ ഇളക്കിമറിച്ച് ബെക്കാം; ആരാധനയോടെ ക്രിക്കറ്റ് ലോകം
- ലോകകപ്പ് സെമി ഫൈനലിന് മുന്നോടിയായി മുഹമ്മദ് സിറാജിന് തിരിച്ചടി
- കോഹ്ലിയെ മെരുക്കാൻ സ്പിൻ കെണി; സെമിയിൽ ചതിക്കുഴിയൊരുക്കി കീവീസ് നായകൻ