ഐസിസി ക്രിക്കറ്റ് ലോകകപ്പ് അതിന്‍റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇന്നും നാളെയുമായി (നവംബർ 15, 16 തീയതികള്‍) സെമിഫൈനൽ മത്സരങ്ങള്‍ നടക്കും. നവംബർ 19ന് അഹമ്മദാബാദില്‍ വച്ച് ഫൈനൽ മത്സരവും നടക്കും. ഇന്ത്യ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനലില്‍ കളിക്കുന്നത്. ഇതിലെ ആദ്യ മത്സരമായ ഇന്ത്യ- ന്യൂസിലാന്‍ഡ് മാച്ച്, ഇന്ന് മുംബൈയിലെ വാംഖെഡെ സ്റ്റേഡിയത്തില്‍ നടക്കും.
ഇംഗ്ലണ്ടും ന്യൂസിലൻഡും സമനിലയിൽ പിരിഞ്ഞ 2019 ലോകകപ്പ് ഫൈനൽ, തുടർന്ന് ഒരു സൂപ്പർ ഓവർ, അതും ടൈയിൽ അവസാനിച്ചത്, ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മയില്‍ കാണും. മനസ്സിൽ ഇപ്പോഴും പുതുമയുള്ളതാണ്. മികച്ച ബൗണ്ടറി എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ അന്ന് വിജയിയായി പ്രഖ്യാപിച്ചത്.
2019 മുതലുള്ള ഈ ആശയക്കുഴപ്പം ഒഴിവാക്കാനായി ടൈയിൽ അവസാനിക്കുന്ന മത്സരങ്ങൾക്കായുള്ള ഐസിസി നിയമങ്ങളിൽ (2023 ലോകകപ്പിനായി) അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സെമിഫൈനൽ അല്ലെങ്കിൽ ഫൈനൽ മത്സരം ടൈയിൽ അവസാനിച്ചാൽ എന്ത് സംഭവിക്കും?
മത്സരം സമനിലയിലായാൽ സൂപ്പർ ഓവർ കളിക്കണമെന്നാണ് ഐസിസിയുടെ വ്യവസ്ഥയില്‍ പറയുന്നത്. സൂപ്പർ ഓവർ ടൈ ആണെങ്കിൽ, ഒരു വിജയി ഉണ്ടാകുന്നത് വരെ തുടർന്നും സൂപ്പർ ഓവറുകൾ കളിക്കും. അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടാകാത്ത പക്ഷം, വിജയിയെ കണ്ടെത്തുന്നത് വരെ പരിധിയില്ലാതെ സൂപ്പർ ഓവറുകൾ കളിക്കും.
സൂപ്പർ ഓവർ കളിക്കാന്‍ കാലാവസ്ഥാ സാഹചര്യങ്ങൾ അനുകൂലമല്ലെങ്കില്‍ എന്ത് സംഭവിക്കും?
സെമിഫൈനലിലെ ഐസിസി പ്ലേയിംഗ് കണ്ടീഷൻസ് അനുസരിച്ച്, ‘ഒരു ടൈ തുടർന്നാൽ, കാലാവസ്ഥാ സാഹചര്യങ്ങൾ കൊണ്ട് സൂപ്പർ ഓവർ പൂർത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍, അല്ലെങ്കിൽ മത്സരം ഉപേക്ഷിക്കപ്പെടുകയോ റിസർവ് ദിനത്തിന്‍റെ അവസാനത്തിൽ ഫലം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ, ടീം ലീഗ് ഘട്ടത്തിൽ ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമായിരിക്കും ഫൈനലിലേക്ക് പോവുക.
എന്നാൽ ഫൈനലിൽ സമാനമായ സാഹചര്യം ഉണ്ടായാൽ, ഫൈനലിസ്റ്റുകളെ സംയുക്ത വിജയികളായി കണക്കാക്കും.
Read Here