
ഐസിസി ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്തുയർന്ന് നോക്കൌട്ട് സ്റ്റേജിൽ തിളങ്ങുന്നതാണ് ന്യൂസിലൻഡിന്റെ പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല. ലീഗ് ഘട്ടത്തിൽ ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു അവർ മുന്നേറിയത്. എന്നാൽ ഒക്ടോബർ 22ന് ഇന്ത്യയ്ക്ക് മുന്നിൽ നാല് വിക്കറ്റിന്റെ തോൽവിയുമായി കാലിടറിയതിൽ പിന്നീട്, ശ്രീലങ്കയോട് ജയിക്കുന്നത് വരെ തുടരൻ തോൽവികൾ തന്നെയായിരുന്നു ഫലം.
എന്നാൽ, ലോകകപ്പിൽ അവസാന നാലിലിടം നേടാൻ ജയം അനിവാര്യമായിരിക്കെ കീവീസ് ടീം വിജയത്തിലേക്ക് പറന്നിറങ്ങി. അതും എതിരാളികൾക്ക് ഒരവസരവും നൽകാതെ തന്നെ. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ, നവംബർ 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ എതിരാളികളായെത്തുക ന്യൂസിലൻഡ് തന്നെയായിരിക്കും.
തോറ്റ നാല് മത്സരങ്ങളിൽ രണ്ടിലും 400ന് അടുത്ത് സ്കോർ ചെയ്യാൻ സാധിച്ചിട്ടാണ് ന്യൂസിലൻഡ് തോറ്റതെന്നത് ഇന്ത്യയ്ക്ക് അപായസൂചന നൽകുന്നുണ്ട്. ഒപ്പം ട്രെൻ്റ് ബോൾട്ടും ലോക്കി ഫെർഗ്യൂസനും ഫോമിലേക്കുയർന്നതും ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിക്കും. ബൌളിങ്ങിൽ ടിം സൌത്തിയും മിച്ചെൽ സാന്റ്നറും രചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സുമെല്ലാം കിവികളുടെ തുറുപ്പു ചീട്ടുകളാണ്. ശ്രീലങ്കയെ 171 റൺസിൽ ചുരുട്ടിക്കെട്ടിയാണ് അവർ നാലാം സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചത്.
ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര ഓപ്പൺ ചെയ്യുന്ന ന്യൂസിലൻഡിന്റെ ബാറ്റിങ്ങ് സ്ക്വാഡിന് നല്ല ആഴമുണ്ട്. സിഎസ്കെയെ ചാമ്പ്യന്മാരാക്കിയ ഡെവോൺ കോൺവേയും രചിനും ലോകകപ്പിലെ റൺവേട്ടയിലും മുന്നിലാണ്. 565 റൺസുമായി രചിനാണ് ലോകകപ്പിലെ റൺവേട്ടയിൽ മുന്നിലുള്ളത്. ഒമ്പത് മാച്ചുകളിൽ നിന്ന് 70.2 ബാറ്റിങ്ങ് ആവറേജോടെയാണ് രചിൻ മുന്നിൽ നിൽക്കുന്നത്. 8 വീതം മത്സരങ്ങൾ കളിച്ച ഡീകോക്ക് (550), വിരാട് കോഹ്ലി (543) എന്നിവരാണ് നിലവിൽ തൊട്ടുപിന്നിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന നായകൻ കെയ്ൻ വില്ല്യംസൺ ടീമിൽ മടങ്ങിയെത്തിയെന്നത് ന്യൂസിലൻഡിന്റെ പ്രഹരശേഷി ഇരട്ടിയാക്കുന്നുണ്ട്. വാംഖഡെയിൽ സീം മൂവ്മെന്റ് ലഭിക്കുന്ന പിച്ചിൽ ടിം സൌത്തിയും ട്രെന്റ് ബോൾട്ടും കോഹ്ലിക്കും രോഹിത്തിനും വെല്ലുവിളി ഉയർത്തിയേക്കാം.
Read More Related Sports News Here
- ഇന്ത്യയുടെ സെമി ഫൈനൽ എതിരാളിയാര്? കണക്കുകളിലെ കളി ഇങ്ങനെയാണ്
- ‘ഇത് ലോകകപ്പാണ്, നിങ്ങളുടെ പ്രാദേശിക ടൂർണമെന്റല്ല’; മുൻ പാക് താരത്തിനെതിരെ ആഞ്ഞടിച്ച് ഷമി
- ഇന്ത്യയുടെ സെമി ഫൈനൽ വേദിയെ ചൊല്ലി ആശയക്കുഴപ്പം; പാക്കിസ്ഥാൻ വന്നാൽ വേദി മാറും
- ‘ഞാൻ കണ്ട ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സ്’; മാക്സ്‌വെല്ലിനെ അഭിനന്ദിച്ച് ഇതിഹാസം















