കൂട്ടാളികളെല്ലാം തോറ്റു മടങ്ങിയപ്പോഴും തോൽക്കാൻ മനസില്ലാതെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒറ്റയാൾ പോരാട്ടം നയിച്ച് ഗ്ലെൻ മാക്സ്‌വെൽ നടന്നു കയറിയത് ചരിത്രത്തിലേക്ക്. വെറും 128 പന്തുകളിൽ നിന്നായിരുന്നു താരം 201 റൺസ് അടിച്ചെടുത്തത്. ഇന്നിംഗ്സിൽ 10 കൂറ്റൻ സിക്സറുകളും 21 ഫോറുകളും ഉൾപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് സെമി സ്വപ്നങ്ങളെയാണ് ഈ പോരാളി തകർത്തത്.
അഫ്ഗാനിസ്ഥാനെ കന്നി ലോകകപ്പ് സെഞ്ചുറി നേട്ടവുമായി ഇബ്രാഹിം സദ്രാൻ (129) അഫ്ഗാന് മികച്ച സ്കോറാണ് സമ്മാനിച്ചത്. 292 റൺസിന്റെ വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കംഗാരുപ്പടയ്ക്ക് തുടക്കം പിഴച്ചു. 18.3 ഓവറിൽ 7 വിക്കറ്റിന് 91 എന്ന നിലയിൽ പതറിയ ഓസീസ് പരാജയം ഉറപ്പിച്ചിരുന്നു. എന്നാൽ, പിന്നീട് ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസിനൊപ്പം ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ റൺ ചേസാണ് നടത്തിയത്.
കാലിലെ ക്രാമ്പിങ് കാരണം ഓടാൻ ബുദ്ധിമുട്ടിയ താരം പിന്നീട് നടത്തിയ ബാറ്റിങ്ങിനെ ഒറ്റവാക്കിൽ അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. കമ്മിൻസിനെ നോൺ സ്ട്രൈക്കർ എൻഡിൽ നിർത്തി, മാക്സ്‌വെൽ ഒറ്റയ്ക്ക് അടിച്ചുതകർക്കുകയായിരുന്നു. നിരവധി തവണ വേദന കൊണ്ട് പുളഞ്ഞിട്ടും, ഗ്രൌണ്ടിൽ വീണിട്ടും തോറ്റു കൊടുക്കാൻ അയാളുടെ മനസ്സ് ഒരുക്കമായിരുന്നില്ല.
ഓസീസിനെ വിജയിപ്പിച്ച ഗ്ലെൻ മാക്സ്‌വെൽ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ട്രോളുകളിലും അദ്ദേഹം നിറയുകയാണ്. ഓട്ടം ഉപേക്ഷിച്ച് സ്റ്റാൻഡ് ആൻഡ് ഡെലിവർ ശൈലിയിൽ മാക്സി പുറത്തെടുത്ത ഗെയിം സ്റ്റൈൽ ലോക ക്രിക്കറ്റ് നിലനിൽക്കുന്നിടത്തോളം കാലം കാണികളുടെ മനസിൽ മായാതെ നിൽക്കും.
Read more Sports Stories here