ഡൽഹി: ടൈംഡ് ഔട്ട് വിവാദങ്ങൾക്കിടയിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽഹസൻ ലോകകപ്പിൽ നിന്ന് പുറത്തായി. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് ഉറപ്പായത്. മത്സരത്തിന് ശേഷമുള്ള എക്സ് റേ പരിശോധനയിൽ ഇടത് ചൂണ്ടുവിരലിലാണ് ഒടിവ് സ്ഥിരീകരിച്ചത്.
ഇന്നലത്തെ മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ ഷാക്കിബിന്റെ ഇടത് ചൂണ്ടുവിരലിൽ പന്ത് ഇടിച്ചിരുന്നു. എങ്കിലും പരിക്കേറ്റ ഭാഗത്ത് ടേപ്പ് ചുറ്റി വേദനസംഹാരികളും ഉപയോഗിച്ചാണ് താരം ബാറ്റിംഗ് തുടർന്നതെന്ന് ബംഗ്ലാദേശ് ടീം ഫിസിയോ ബൈജെദുൽ ഇസ്ലാം ഖാൻ പറഞ്ഞു. ഇതോടെ നവംബർ 11 ന് പൂനെയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പിലെ അവസാന മത്സരത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതായി ടീം മാനേജ്മെന്റ് അറിയിച്ചു.
ഇടത് ചൂണ്ടുവിരലിലെ ജോയിന്റിൽ ഒടിവ് സ്ഥിരീകരിച്ചതോടെ ഗെയിമിന് ശേഷം അദ്ദേഹം ഡൽഹിയിൽ അടിയന്തര എക്സ്-റേയ്ക്ക് വിധേയനായി. വിശ്രമത്തിനായി താരം ഇന്ന് ബംഗ്ലാദേശിലേക്ക് പോകും. പരിക്കിൽ നിന്നും മോചിതനാകാൻ മൂന്നോ നാലോ ആഴ്ചകൾ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.