ഇന്നലെ നടന്ന ശ്രീലങ്ക-ബംഗ്ലാദേശ് ലോകകപ്പ് മത്സരത്തിൽ 25ാം ഓവറിൽ നടന്ന നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ക്രിക്കറ്റ് ലോകമിപ്പോൾ സഞ്ചരിക്കുന്നത്. ലങ്കൻ ഓൾറൌണ്ടർ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കാനായി ടൈംഡ് ഔട്ട് അപ്പീൽ ചെയ്ത ഷാക്കിബ് അൽ ഹസനാണ് ഇപ്പോൾ വിവാദ താരം. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ നടന്ന സംഭവം ലോക ക്രിക്കറ്റിൽ സമാനതകൾ ഇല്ലാത്തതായിരുന്നു.
സമരവിക്രമ പുറത്തായി രണ്ട് മിനിറ്റിനകം ബാറ്റ് ചെയ്യാൻ മാത്യൂസ് തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാ നായകൻ അപ്പീൽ ചെയ്തത്. ടീമിലെ സഹതാരങ്ങളാണ് ഇങ്ങനെയൊരു സാധ്യതയുണ്ടെന്ന് പറഞ്ഞതെന്ന് ഷാക്കിബ് മത്സര ശേഷം വിശദീകരിച്ചിരുന്നു. “ലോകകപ്പ് മത്സരം ജയിക്കാനാണ് ടീം കളിക്കുന്നത്. അതിന് ഇങ്ങനെയൊരു നിയമം സഹായിക്കുമെങ്കിൽ അത് പ്രയോഗിച്ചതിൽ തെറ്റില്ല. ക്രിക്കറ്റിൽ അങ്ങനെയൊരു നിയമം ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം,” എന്നായിരുന്നു ഷാക്കിബിന്റെ മറുപടി.
നിങ്ങളുടെ നീക്കം ക്രിക്കറ്റിന്റെ സ്പിരിറ്റിനെ ബാധിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ഷാക്കിബിന് കൃത്യമായ മറുപടിയുണ്ടായിരുന്നു. അങ്ങനെയാണെങ്കിൽ ഐസിസിയാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും, ആദ്യം അവരാണ് നിയമം മാറ്റേണ്ടതെന്നും ബംഗ്ലാ നായകൻ പറഞ്ഞു. മാത്യൂസിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിലോ എന്ന ചോദ്യത്തിന് മുന്നിലും ഷാക്കിബ് പതറിയില്ല. താൻ എപ്പോഴും ശ്രദ്ധിച്ചിരിക്കാറുണ്ടെന്നും, തനിക്ക് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, തന്റെ 15 വർഷത്തെ കരിയറിലെ ഏറ്റവും മ്ലേച്ഛമായ സംഗതിയാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് എയ്ഞ്ചലോ മാത്യൂസ് പറഞ്ഞു. ബംഗ്ലാദേശിന്റേയും ഷാക്കിബിന്റേയും ഭാഗത്ത് നിന്നുണ്ടായത് മോശം രീതിയാണ്. താൻ സാങ്കേതികമായി ടൈംഡ് ഔട്ട് ആയിരുന്നില്ലെന്നും രണ്ട് മിനിറ്റിന് മുമ്പേ ക്രീസിലെത്തിയിരുന്നുവെന്നും ലങ്കൻ താരം വാദിച്ചു. ടൈംഡ് ഔട്ടിന് 5 സെക്കൻഡ് കൂടി ബാക്കിയുണ്ടായിരുന്നു എന്ന വീഡിയോ തെളിവ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിടുമെന്നും മാത്യൂസ് വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.
അതേസമയം, തന്നെ പുറത്താക്കാൻ ടൈംഡ് ഔട്ട് വിളിച്ച ബംഗ്ലാ നായകന്റെ വിക്കറ്റെടുത്താണ് എയ്ഞ്ചലോ മാത്യൂസ് ഇന്നലെ തന്നെ മധുര പ്രതീകാരം വീട്ടിയിരുന്നു. ഇതിന്റെ സെലിബ്രേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഷാക്കിബിന് മുന്നിൽ നിന്ന് ഇടതുകൈ തണ്ടയിലേക്ക് വലതു കൈയിലെ ചൂണ്ടുവിരൽ നീട്ടി സ്റ്റൈലായി ഒരു ആഹ്ളാദ പ്രവർത്തനവും മാത്യൂസ് നടത്തി. മറുപടിയില്ലാതെ തലകുനിച്ച് നടന്നുനീങ്ങുകയായിരുന്നു. ലങ്കൻ ക്രിക്കറ്റ് താരങ്ങളും ഷാക്കിബിനെ പരിഹസിക്കുന്നുണ്ടായിരുന്നു.
സംഗതി ഇതൊക്കെയാണെങ്കിലും, ഇന്നലത്തെ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടുകയും, 65 പന്തിൽ നിന്ന് 82 റൺസ് അടിച്ചെടുക്കുകയും ചെയ്ത ഷാക്കിബ് അൽ ഹസൻ തന്നെയാണ് കളിലെ കേമനായത്. ലങ്കയ്ക്കെതിരെ രണ്ട് സിക്സും 12 ഫോറുകളും താരം പറത്തിയിരുന്നു. ഇന്നലെ 3 വിക്കറ്റിന് ബംഗ്ലാദേശിനോട് തോറ്റ് ലങ്ക ടൂർണമെന്റിൽ നിന്ന് പുറത്തായി.