സച്ചിൻ ടെണ്ടുൽക്കറിന് ശേഷം ഇനിയാരെന്ന ചോദ്യത്തിന് മറുപടിയായിരുന്നു വിരാട് കോഹ്ലിയെന്ന ഡൽഹിക്കാരൻ അഗ്രസീവ് പയ്യൻ. സച്ചിനൊപ്പം ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗം കൂടിയായ കോഹ്ലി, പിന്നീട് മാസ്റ്റർ ബ്ലാസ്റ്ററുടെ റെക്കോഡുകൾ ഓരോന്നായി തകർത്ത് ഗോട്ട് (GOAT -ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ആകാനുള്ള കുതിപ്പിലാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റർമാരിലൊരാളായ വിരാട് കോഹ്ലി ഇന്ന് 35ാം പിറന്നാൾ ആഘോഷിക്കുകയാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറിയടിച്ച് ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പം എത്താനുള്ള കാത്തിരിപ്പിലാണ് വിരാട്. ചേസിങ്ങ് മാസ്റ്റർ എന്ന വിളിപ്പേരുള്ള കോഹ്ലി ക്രീസിലുണ്ടെങ്കിൽ എതിരാളികൾക്ക് പോലും കയ്യടിക്കാതിരിക്കാനാകാത്ത പ്രകടനമികവിന് ഉടമയാണ് അദ്ദേഹം. ലോക ക്രിക്കറ്റിലെ ഒത്ത എതിരാളിയായ പാക് നായകൻ ബാബർ അസം പോലും കോഹ്ലിക്ക് മുന്നിൽ ചിലപ്പോൾ നഷ്പ്രഭനായി പോയ കാഴ്ചകൾ പലവട്ടം നമ്മൾ കണ്ടതാണ്.
അണ്ടർ 19 ലോകകപ്പ് ഇന്ത്യൻ മണ്ണിലെത്തിച്ച ടീമിന്റെ നായകനായിരുന്നു വിരാട് കോഹ്‌ലി. ഇന്ത്യയുടെ ഭാവി താരമെന്ന് കോഹ്‌ലി അന്നേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതേ ടൂർണമെന്റിൽ കൌമാരതാരം 6 മത്സരങ്ങളിൽ നിന്ന് 235 റൺസെടുത്തു. 47 റൺസായിരുന്നു ടൂർണ്ണമെൻ്റിൽ കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി. വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ചുറിയും നേടി.
2008 ഓഗസ്റ്റ് 18നാണ് വിരാട് കോഹ്‌ലി ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 15 വർഷത്തിനിപ്പുറം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും തിളങ്ങി നിൽക്കുന്ന ഇതിഹാസ താരമായാണ് അദ്ദേഹം അറിയപ്പെടുന്നത്.
2014ൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകനായ കോഹ്ലി, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച നായകനുമായി മാറി. കോഹ്ലി നായകത്വം വഹിച്ച 68 ടെസ്റ്റുകളിൽ 40ലും ഇന്ത്യ ജയിച്ചു. 17 മത്സരങ്ങൾ തോറ്റപ്പോൾ 11 ടെസ്റ്റുകൾ സമനിലയിലായി. 58.82 ആണ് ടെസ്റ്റിൽ കോഹ്ലിപ്പടയുടെ വിജയശതമാനം. 2021 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിക്കാനും കോഹ്‌ലിക്ക് കഴിഞ്ഞു. കോഹ്‌ലിക്ക് കീഴിൽ ഇന്ത്യയ്ക്ക് പുറമെ വിദേശത്തും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ലോകോത്തര ബൗളിങ് നിരയെ വാർത്തെടുത്തത് കോഹ്‌ലിയിലെ നായകത്വ മികവിന് ഉദാഹരണമാണ്. 2017ൽ ഇന്ത്യയുടെ ഏകദിന, ടി20 ടീമിന്റെ നായകനായും കോഹ്‌ലി അവരോധിക്കപ്പെട്ടു. ഇന്ത്യ തുടരെ പരമ്പര വിജയങ്ങൾ നേടുമ്പോഴും, ഐസിസിയുടെ പ്രധാന ടൂർണമെന്റുകളിലെ കിരീട വരൾച്ച നിരാശയേകി. 2017ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പുറത്തായി. 2021ലെ ടി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ ഇന്ത്യ പുറത്തായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിയും കൂടിയായതോടെ കോഹ്‌ലിയുടെ നായകസ്ഥാനം തെറിച്ചു.
ഏകദിന, ടി20 ക്രിക്കറ്റിന്റെ നായകപദവി ബിസിസിഐ രോഹിത് ശർമ്മയെ ഏൽപ്പിച്ചു. താരത്തിന് ബാറ്റിങ്ങിൽ ശ്രദ്ധിക്കാനവസരം നൽകാനായിരുന്നു ഈ നീക്കം. ടെസ്റ്റ് നായകസ്ഥാനം സ്വമേധയാ ഒഴിഞ്ഞായിരുന്നു കോഹ്‌ലി ഇതിനോട് പ്രതികരിച്ചത്. 95 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 53 വിജയങ്ങൾ നേടി. 68.42 ആണ് വിജയശതമാനം. ഈ കാളയളവിൽ 5,549 റൺസ് വിരാട് നേടി. 200 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണിക്ക് പോലും 6,641 റൺസ് മാത്രമാണ് ക്യാപ്റ്റനായിരിക്കെ അടിച്ചെടുക്കാനായത്.