കൊൽക്കത്ത: ലോകകപ്പിൽ ഇന്ന് തീപാറും പോരാട്ടത്തിനാണ് ഈഡൻ ഗാർഡൻസിൽ അരങ്ങൊരുന്നത്. ഒന്നാം നമ്പറായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമാണ് ഇന്ന് കൊമ്പുകോർക്കുന്നത്. തുല്ല്യ ശക്തികളാണ് ഏറ്റുമുട്ടുന്നതെന്നതിനാൽ ലോകകപ്പ് ഫൈനലിന് മുന്നോടിയായുള്ള മറ്റൊരു ഫൈനലായും ഈ മത്സരത്തെ വിശേഷിപ്പിക്കാം. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ സമ്പൂർണ ആധിപത്യം നേടാനാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഈഡൻ ഗാർഡൻസിലാണ് വാശിയേറിയ പോരാട്ടം.
ലോകകപ്പിൽ ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ ഒരു മത്സരം മാത്രം പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യം ബാറ്റ് ചെയ്ത് 300 റൺസിന് മുകളിലുള്ള വലിയ സ്കോറുകൾ അടിച്ചെടുത്ത് എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നതാണ് ദക്ഷിണാഫ്രിക്കൻ ശൈലി. നാല് സെഞ്ചുറിയുമായി ഓപ്പണർ ക്വിന്റൺ ഡീകോക്ക് മുന്നിൽ നിന്ന് നയിക്കുകയാണ്. എയ്ഡൻ മാർക്രവും ഹെൻറിച്ച് ക്ലാസനും വാൻഡർ ഡുസ്സനുമെല്ലാം തകർപ്പൻ ഫോമിലാണ്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ഏക തോൽവി രണ്ടാമത് ബാറ്റ് ചെയ്തപ്പോഴായിരുന്നു.
ടെസ്റ്റ് പദവി പോലുമില്ലാത്ത നെതർലൻഡ്സിനോടാണ് പ്രോട്ടീസ് പട അടിയറവ് പറഞ്ഞത്. പാക്കിസ്ഥാനോട് ഒരു വിക്കറ്റിന് വിറച്ച് ജയിച്ചതും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴാണ്. മറുവശത്ത് ലോകകപ്പ് ചരിത്രത്തിലെ അപരാജിത കുതിപ്പ് ഇന്ത്യ തുടരുകയാണ്. ഇന്ത്യൻ നിരയിലെ എല്ലാവരും ഫോമിലേക്ക് ഉയർന്നത് പ്രതീക്ഷ നൽകുന്നതാണ്.
ഇതിനോടകം സെമി ഫൈനലിൽ യോഗ്യത നേടിയതിനാൽ ഇന്ത്യൻ ടീമിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ലീഗ് സ്റ്റേജിൽ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ നെതർലൻഡ്സിനേയും ഇന്ത്യയ്ക്ക് നേരിടാനുണ്ട്. നവംബർ 12ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഇന്ത്യയുടെ അവസാന ലീഗ് മത്സരം. പ്രധാന താരങ്ങൾക്ക് പരിക്കേൽക്കാതിരിക്കാൻ വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.
Check out More Sports Stories Here