ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്താടിയ എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ നസറിന് തുടർച്ചയായ മൂന്നാം മത്സരം. ഗോളടി മേളം കണ്ട മത്സരത്തിൽ കരുത്തരായ അൽ ദുഹൈലിനെ 4-3ന് വീഴ്ത്തിയാണ് അൽ നസർ ജയം നേടിയത്. ഇതാദ്യമായാണ് ക്രിസ്റ്റ്യാനോയുടെ ടീമിന് അൽ ദുഹൈലിനെ തോൽപ്പിക്കാനായത്.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ 61, 81 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോയുടെ എണ്ണം പറഞ്ഞ ഗോളുകൾ പിറന്നത്. പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ വീക്ക് ഫൂട്ടിൽ നിന്നാണ് രണ്ട് മനോഹര ഗോളുകളും പിറന്നതെന്ന സവിശേഷതയുമുണ്ട്. ടലിസ്ക (25), സാദിയോ മാനെ (56) എന്നിവരാണ് മറ്റു സ്കോറർമാർ. അൽ ദുഹൈനായി ഇസ്മായിൽ മുഹമ്മദ് (63), അൽമോയസ് അലി (67), മൈക്കൽ ഒലുങ്ക (85) എന്നിവർ ഗോൾ നേടി.
ഇതോടെ ഗ്രൂപ്പ് ഇയിൽ മൂന്നിൽ മൂന്ന് വിജയങ്ങളുമായി അൽ നസർ ഒന്നാമതാണ്. ലീഗിലെ ടോപ് സ്കോറർ പട്ടികയിലും അഞ്ച് ഗോളുകളുമായി ടലിസ്കയാണ് മുന്നിൽ. മൂന്ന് ഗോളുമായി ക്രിസ്റ്റ്യാനോ മൂന്നാമതുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന മത്സരത്തിൽ ടലിസ്ക നേടിയ ആദ്യ ഗോളിലേക്കുള്ള അസിസ്റ്റ് നൽകിയത് റൊണാൾഡോ ആയിരുന്നു. സൂപ്പർതാരത്തിന്റെ ബാക്ക് ഹീൽ പാസിൽ നിന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ചാണ് ടലിസ്ക വലകുലുക്കിയത്.
81ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ അൽ നസറിനെ വീണ്ടും മുന്നിലെത്തിച്ചു. ഒട്ടാവോ മൊന്റാരിയുടെ മനോഹരമായൊരു ലോങ് ക്രോസിൽ നിന്ന് തകർപ്പൻ ഇടംകാൽ വോളിയിലൂടെ റൊണാൾഡോ മത്സരത്തിലെ വിജയ ഗോൾ കണ്ടെത്തി. 85ാം മിനിറ്റിൽ മൈക്കൽ ഒലുംഗ വീണ്ടും അൽ ദുഹൈലിനായി സ്കോർ ചെയ്തു. അവസാന മിനിറ്റുകളിൽ അൽ ദുഹൈൽ ടീം സമനില ഗോളിനായി പൊരുതിയെങ്കിലും അൽ നസറിൽ നിന്ന് വിജയം തട്ടിയെടുക്കാനായില്ല.