ക്രിക്കറ്റ് ലോകകപ്പിൽ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇടത് കണങ്കാലിന് പരിക്കേറ്റ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് കൂടുതൽ മത്സരങ്ങളിൽ കളിക്കില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് പാണ്ഡ്യ ടീമിനൊപ്പം ചേരാൻ സാധ്യതയില്ല.
നവംബർ 5ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും, പിന്നീട് നെതർലാൻഡ്‌സിന് എതിരെയും നടക്കുന്ന അവസാന രണ്ട് ലോകകപ്പ് ലീഗ് മത്സരങ്ങളിൽ മാത്രമേ ഹാർദിക് പാണ്ഡ്യയുടെ സേവനം ലഭ്യമാകൂ. കഴിഞ്ഞയാഴ്ച പൂനെയിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ പാണ്ഡ്യ പന്തെറിയാൻ തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള പാണ്ഡ്യ, പൂർണമായും സുഖപ്പെടാൻ മെഡിക്കൽ സംഘം കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും. താരം മുംബൈയിലോ കൊൽക്കത്തയിലോ ഇന്ത്യന് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്ക് ഭേദമാകാതെ അദ്ദേഹത്തെ ടീമിലെടുക്കാൻ തിരക്കുകൂട്ടുന്നതിനോട് ഇന്ത്യൻ ടീം മാനേജ്‌മെന്റിന് താൽപര്യമില്ലെന്നാണ് വിവരം.
ലോകകപ്പിലെ പ്രാഥമിക റൌണ്ടിലെ അവസാന രണ്ട് മത്സരങ്ങളിലേക്ക് അദ്ദേഹം പൂർണ്ണമായും ഫിറ്റാകുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിൽ ഇന്ത്യൻ ടീം വിജയക്കുതിപ്പുമായി മുന്നേറുന്ന സാഹചര്യത്തിൽ, സെമിയിലേക്ക് പൂർണമായും ഫിറ്റായ പാണ്ഡ്യയെ ആണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്.
ഒക്‌ടോബർ 22ന് ധർമ്മശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വിദഗ്ധ ഡോക്‌ടറെ താരത്തെ ചികിത്സിക്കുന്നതിനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിച്ചിട്ടുണ്ട്. പാണ്ഡ്യ ലഖ്‌നൗവിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ സ്വന്തം ബൗളിംഗിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന് ഇടത് കണങ്കാലിന് പരിക്കേറ്റത്. ഓൾറൗണ്ടറെ മത്സരത്തിനിടെ സ്കാനിംഗിനായി കൊണ്ടുപോയിരുന്നു. പിന്നീട് ആ മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നില്ല. ഹാർദ്ദിക് പാണ്ഡ്യ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രസ്താവനയിൽ പറഞ്ഞു.