തന്റെ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചതിന്റെ വേദനയിലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. തിങ്കളാഴ്ചയാണ് ഫവാദിന്റെ നാലു മാസം മാത്രമുള്ള പ്രായമുള്ള കുഞ്ഞ് മരിച്ചത്. മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
”എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ… എന്റെ കുഞ്ഞിന്റെ വേദനാജനകമായ പോരാട്ടം അവസാനിച്ചു. അവന്‍ ഒരു മികച്ച സ്ഥലത്തായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും. ഇത്തരം വേദനയിലൂടെ ആരും കടന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, ഫവാദ് എക്‌സില്‍ കുറിച്ചു. കുഞ്ഞിന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവച്ചുകോണ്ട് ഫവാദ് എക്‌സില്‍ കുറിച്ചു.
ഫവാദിനും ഭാര്യക്കും ഈ വര്‍ഷം ജൂണിലാണ് രണ്ടാമത്തെ കുട്ടി ഉണ്ടായത്, നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതിനാലാണ് കുട്ടിയെ മെല്‍ബണിലെ റോയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കഠിനമായ സമയത്തിലൂടെയാണ് താന്‍ കടനുപോകുന്നത്. ‘ഓരോ ദിവസവും അവന്‍ വളരുകയാണ്, അതോടൊപ്പം അവന്റെ എല്ലുകളും സന്ധികളും വലിഞ്ഞുമുറുകുകയാണ്. അവന്‍ എത്രയും വേഗം ഒരു ക്രിക്കറ്റ് പന്തും ക്രിക്കറ്റ് ബാറ്റും പിടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്’ ഈ വര്‍ഷം സെപ്റ്റംബറില്‍ ക്രിക്കറ്റ്. കോം.എയു -ന് നല്‍കിയ അഭിമുഖത്തില്‍, ഫവാദ് തുറന്നുപറഞ്ഞിരുന്നു.
‘എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഡോക്ടര്‍മാര്‍ക്കും അറിയില്ല. ഇത് വളരെ മോശം അവസ്ഥയാണ്. ഹൃദയത്തെ വേദനിപ്പിക്കുന്നു’. താരം പറഞ്ഞു. ജനന സമയത്ത് കുഞ്ഞിന് മൂന്ന് കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. ശേഷം, ശ്വാസോഛ്വാസ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എങ്കിലും കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു, കൂടാതെ കുട്ടിയുടെ കാഴ്ചശക്തിയും കുടുംബത്തിന് ആശങ്കയായിയിരുന്നു.
നിലവില്‍, വിക്ടോറിയയിലെ ഒരു ക്ലബിന് വേണ്ടിയാണ് ഫവാദ് കളിക്കുന്നത്. അടുത്തിടെ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിച്ച താരം ബിഗ് ബാഷ് ലീഗില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2013 ല്‍ ഓസ്ട്രേലിയയ്ക്കായി അഞ്ച് ഏകദിനങ്ങളിലും രണ്ട് ടി-20 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.