ധർമ്മശാലയിൽ ലോകകപ്പിന്റെ ഇടവേളയിൽ ട്രക്കിങ് നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം. ടൂർണമെന്റിന്റെ സമ്മർദ്ദം കുറയ്ക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കോച്ചിങ് സ്റ്റാഫുകളും കളിക്കാരും വിവിധ വിനോദോപാധികളെ ആശ്രയിച്ചത്. 22ന് ന്യൂസിലൻഡിനെതിരായ മത്സരത്തിന് ശേഷം ഒരാഴ്ചത്തെ ഇടവേളയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 29ന് ലഖ്നൌവിലെ ഏകാന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് , ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവർ ഹിമാചൽ പ്രദേശിലെ പ്രശസ്തമായ മലനിരകളിലേക്കാണ് ട്രക്കിങ്ങ് നടത്തിയത്. ഈ സമയത്ത് താരങ്ങളെ ഇങ്ങോട്ടേക്ക് ക്ഷണിക്കാനാകില്ലെങ്കിലും, അവരും എപ്പോഴെങ്കിലും ഇവിടം സന്ദർശിച്ചിരിക്കണമെന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. താരങ്ങൾക്ക് പരിക്കേൽക്കാൻ ഇടയുള്ളതിനാലാണ് അവരെ കൊണ്ടുപോകാഞ്ഞതെന്നും ദ്രാവിഡ് പറഞ്ഞു.
അതേസമയം, സൂപ്പർ താരം വിരാട് കോഹ്ലി ധർമ്മശാലയിലെ ഒരു ആശ്രമത്തിലേക്കാണ് പോയത്. മറ്റുള്ള ഇന്ത്യൻ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും വേണ്ടി സ്പെഷ്യൽ റാമ്പ് വാക്ക് സെഷനുകളും ടീം ഹോട്ടലിൽ സംഘടിപ്പിച്ചിരുന്നു. എല്ലാ താരങ്ങളേയും ഫാഷൻ ഷോയുടെ ഭാഗമായുള്ള റാമ്പ് വാക്കിൽ പങ്കെടുപ്പിച്ചു. അതേസമയം, ഷോയുടെ വിധി കർത്താക്കളാരാണെന്നോ, ആരൊക്കെ വിജയിച്ചെന്നോ ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല.
വിവാഹിതരായ താരങ്ങൾ പരിശീലനത്തിന് ശേഷം ഭാര്യമാർക്കൊപ്പം റെസ്റ്റോറന്റുകളിലേക്കാണ് പോയത്. ഒഴിവു ദിവസങ്ങളിലെ പരിപാടികളെല്ലാം താരങ്ങളുടെ ആത്മവിശ്വാസവും പരസ്പരവിശ്വാസവും വളർത്തുന്നതിനും, ജോലി ഭാരം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. ഏകദിന ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച്, പോയിന്റ് പട്ടികയിൽ തലപ്പത്താണ് രോഹിത്തും സംഘവും. പരിക്കേൽക്കുമെന്ന ഭയത്താൽ, കളിക്കാരെ ധർമ്മശാലയിൽ പാരാ ഗ്ലൈഡിങ്ങും ട്രക്കിങ്ങും നടത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു.