ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ മികച്ച നാല് വിജയങ്ങളിൽ ഒരെണ്ണം ഇന്ത്യയുടേതാണെന്ന് നിങ്ങൾക്കറിയാമോ? 2007 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലാണ് ഇന്ത്യ ലോകകപ്പിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത്. ലോക ക്രിക്കറ്റിലെ കുഞ്ഞൻ മീനുകളായ ബെർമുഡയാണ് അന്ന് ഇന്ത്യൻ ടീമിന്റെ കശാപ്പിന് ഇരയായത്.
രാഹുൽ ദ്രാവിഡ് നയിച്ച ടീം ഇന്ത്യ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ക്വീൻസ് പാർക്ക് ഓവലിൽ വച്ച് ബെർമുഡയെ 257 റൺസിനാണ് തകർത്തുവിട്ടത്. സച്ചിൻ, ഗാംഗുലി, സെവാഗ്, കുംബ്ലെ, സഹീർ ഖാൻ, ധോണി, ഉത്തപ്പ, അജിത് അഗാർക്കർ എന്നിവരെല്ലാം ഉൾപ്പെട്ട ഗംഭീര ടീമിനെ ആയിരുന്നു ബെർമുഡയ്ക്ക് മുട്ടേണ്ടിയിരുന്നത്.
വീരേന്ദർ സെവാഗിന്റെ (87 പന്തിൽ 114) വെടിക്കെട്ട് സെഞ്ചുറിയുടേയും, ഗാംഗുലി (89), യുവരാജ് (46 പന്തിൽ 83), സച്ചിൻ (29 പന്തിൽ 57) എന്നിവരുടെ അർധസെഞ്ചുറികളുടേയും കരുത്തിലാണ് ഇന്ത്യ 416 റൺസ് അടിച്ചെടുത്തത്. ലോകകപ്പിൽ അന്നേ വരെയുള്ളതിൽ വച്ച് ഏറ്റവുമുയർന്ന റെക്കോഡ് ടീം സ്കോറായിരുന്നു അന്ന് പിറന്നത്. മറുപടിയായി 43.1 ഓവറിൽ ബെർമുഡ 156 റൺസിന് എല്ലാവരും പുറത്തായിരുന്നു. മൂന്ന് വീതം വിക്കറ്റെടുത്ത കുംബ്ലെയും അജിത് അഗാർക്കറും ചേർന്നാണ് ബെർമുഡയെ ചുരുട്ടിക്കൂട്ടിയത്.
എന്നാൽ, ലോകകപ്പിലെ ഏറ്റവും മികച്ച മാർജിനിലുള്ള വിജയം ഇന്നലെ ഓസീസ് സ്വന്തമാക്കി. നെതർലൻഡ്സിനെ 309 റൺസിന് തോൽപ്പിച്ചാണ് ഓസീസ് സ്വന്തം റെക്കോഡ് തിരുത്തിയത്. മാക്സ് വെല്ലും വാർണറും സെഞ്ചുറികൾ നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 8ന് 399 റൺസെടുത്തു. ഓറഞ്ച് ആർമിയുടെ മറുപടി 21 ഓവറിൽ 90ൽ ഒതുങ്ങി. മികച്ച ലോകകപ്പ് വിജയങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഓസീസ് 2015ൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ 275 റൺസ് വിജയമാണ്.