തിരുവനന്തപുരം
സിഎംആർഎൽ കമ്പനിക്ക് സാങ്കേതിക സഹായം നൽകിയതിന് വീണാ വിജയന്റെ കമ്പനി സ്വീകരിച്ച പ്രതിഫലത്തിന് ഐജിഎസ്ടി അടച്ചു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ പൊളിഞ്ഞത് പ്രതിപക്ഷവും മാധ്യമങ്ങളും ആഴ്ചകളോളം കെട്ടിപ്പൊക്കിയ നുണക്കഥ. നികുതി അടച്ച പ്രതിഫലത്തെയാണ് മാസപ്പടിയെന്നും കൈക്കൂലിയെന്നും മാത്യു കുഴൽനാടനും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തുടർച്ചയായി അധിക്ഷേപിച്ച കുഴൽനാടനും മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും മാപ്പുപറയണം.
കാര്യങ്ങൾ വിശദമായി പഠിച്ചശേഷം മാപ്പുപറയണോ വേണ്ടയോ എന്നു തീരുമാനിക്കുമെന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പുപറയാൻ മടിക്കില്ലെന്നും കുഴൽനാടൻ ഞായറാഴ്ച വ്യക്തമാക്കി. എന്നാൽ, മാധ്യമങ്ങളാകട്ടെ ‘മാസപ്പടി’ എന്ന പ്രയോഗം ഇപ്പോഴും തുടരുകയാണ്. ആരോപണം ഉയർന്ന ഘട്ടത്തിൽത്തന്നെ, സാങ്കേതിക സഹായം നൽകിയതിന് സ്വീകരിച്ച പ്രതിഫലമാണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ വേട്ടയാടലിന്റെ തുടർച്ചയാണെന്നും സിപിഐ എം വ്യക്തമാക്കിയിരുന്നു. പണം സ്വീകരിച്ചത് അക്കൗണ്ട് വഴി സുതാര്യമായാണെന്ന വിവരവും പുറത്തുവന്നു. എന്നാൽ, അത് ഉൾക്കൊള്ളാൻ മാധ്യമങ്ങളും കുഴൽനാടൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും കൂട്ടാക്കിയില്ല. എക്സാലോജിക് കമ്പനി സ്വീകരിച്ച പണത്തിന് ഐജിഎസ്ടി അടച്ചിട്ടില്ല എന്നായിരുന്നു തുടർന്നുള്ള ആരോപണം. നികുതി അടച്ചിട്ടില്ലാത്തതിനാൽ ‘സേവനം’ എന്ന വാക്ക് മിണ്ടരുതെന്നും ‘മാസപ്പടി’, ‘കൈക്കൂലി’ എന്നീ വാക്കുകളേ പറയാവൂ എന്നും കുഴൽനാടൻ ആവർത്തിച്ചു. മാധ്യമങ്ങളും മറ്റു കോൺഗ്രസ് നേതാക്കളും തുടർച്ചയായി കള്ളക്കഥകൾ മെനഞ്ഞു. ഈ നുണക്കഥകളാണ് ഇപ്പോൾ പൊളിഞ്ഞുവീണത്.
സിഎംആർഎൽ കമ്പനിയുമായി കരാറിൽ ഒപ്പിട്ട എക്സാലോജിക് കമ്പനി കൺസൾട്ടൻസി, മെയിന്റനൻസ് സർവീസ് ഫീയാണ് പ്രതിഫലമായി സ്വീകരിച്ചത്. ബാങ്ക് അക്കൗണ്ട് വഴി സുതാര്യമായി കൈക്കൂലി സ്വീകരിക്കുമോ എന്ന ചോദ്യവും അന്നുതന്നെ ഉയർന്നതാണ്. എന്നാൽ, മാധ്യമങ്ങളും അക്കാര്യം മുഖവിലയ്ക്കെടുത്തില്ല. ഐജിഎസ്ടിയുടെ വിഷയം ധനവകുപ്പ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പരിശോധനാ ഫലം കാത്തിരിക്കാൻ തയ്യാറാകാതെ വേട്ട തുടരുകയായിരുന്നു.