തിരുവനന്തപുരം > വ്യക്തമായ തെളിവുകളോടെ തനിക്കെതിരെ ഉയർന്നുവന്ന വെട്ടിപ്പ് ആരോപണങ്ങളെ നേരിടാനാകാതെ കുഴയുന്ന മാത്യു കുഴൽനാടൻ വിവരാവകാശ മറുപടി തന്നില്ലെന്ന പുതിയ നാടകവുമായി രംഗത്ത്. ഒരു സ്വന്തത്ര വ്യക്തിയെന്ന നിലയിൽ വീണ ഒരു തരത്തിലുള്ള വ്യക്തിപരമായ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ട കാര്യമില്ലയെന്ന വസ്തുത അറിഞ്ഞുകൊണ്ടാണ് കുഴൽനാടൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
വീണ വിജയൻ മുമ്പ് ബംഗളൂരുവിൽ നടത്തിയിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് നിയമപരപായി എല്ലാനടപടികളും ചെയ്തിട്ടുള്ളതാണ്. അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്ന കുഴൽനാടന് വസ്തുത അറിയാൻ ബന്ധപ്പെട്ട ഏജൻസികളിൽ നിന്ന് മാർഗമുണ്ടായിട്ടും അതുപയോഗിക്കാൻ തയ്യാറല്ല. ലക്ഷ്യം മുഖ്യമന്ത്രിയേയും കുടുംബത്തേയും ആക്ഷേപിക്കൽ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. വീണ ഒരു സ്വന്തന്ത്ര വ്യക്തിയാണ്, വനിതാ സംരംഭകയായിരുന്ന അവർ തന്റെ കമ്പനിയുടെ എല്ലാവിധ വരുമാന വിവരങ്ങളും ബന്ധപ്പെട്ട ഏജൻസികൾക്ക് അതിന്റെ മാർഗ്ഗത്തിൽ കൂടെ തന്നെ രേഖാമൂലം നൽകിയിട്ടുള്ളതാണ്.
എന്നാൽ, വാർത്തയിൽ നിറഞ്ഞുനിൽക്കാനും വസ്തുതയുമായി ബന്ധമില്ലാത്ത എന്തുകാര്യം പറഞ്ഞാലും ചോദ്യം ചെയ്യാതെ വാർത്താപരമ്പരകൾ തന്നെ കൊടുക്കാൻ മാധ്യമങ്ങളുണ്ടെന്നതും കുഴൽനാടന് സഹായകമാണ്. അവരുടെ അക്കൗണ്ട് വിവരങ്ങളും ട്രാൻസാക്ഷൻ വിവരങ്ങളും പുറത്തു വിടണമെന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണെന്ന് നാട്ടുകാർക്ക് മനസിലാവുകയും ചെയ്യും. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്നും ഒളിച്ചോടാൻ മാധ്യമങ്ങളെ മറയാക്കി വ്യാജസൃഷ്ടികൾ നടത്തുകയാണ്.