കോഴിക്കോട്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം)യ്ക്കെതിരെ ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ വിമർശത്തെ തള്ളിപ്പറയാതെ മുസ്ലിംലീഗ്. സമസ്തയുടെ നേതൃത്വം ലീഗ് വിരുദ്ധരുടെ കൈയിലാണെന്ന അഭിപ്രായം നേതൃയോഗം പങ്കിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ പരസ്യവിമർശം നിർത്താൻ തീരുമാനിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ സലാമിന്റെ നിലപാടുകളെ ആരും എതിർത്തില്ല. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് പ്രശ്നം അവതരിപ്പിച്ചത്. എസ്കെഎസ്എസ്എഫ് പ്രസിഡന്റ് പാണക്കാട് ഹമീദലി തങ്ങളെപ്പറ്റി സലാം നടത്തിയ പ്രതികരണം അതിരുകടന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലടക്കം സമസ്ത വിഷയത്തിൽ പ്രതികരണം വേണ്ട. സമസ്ത നേതാക്കൾ മുന്നോട്ടുവന്നാൽ ചർച്ചയാകാമെന്നും തീരുമാനിച്ചു.അതേസമയം സമസ്ത മുശാവറയിൽ സാദിഖലി തങ്ങളെ ഉൾപ്പടുത്താത്തതടക്കം ചിലർ ചൂണ്ടിക്കാട്ടി. ലീഗ് വിരോധികളോട് വിട്ടുവീഴ്ച വേണ്ട. എം കെ മുനീർ, കെ എം ഷാജി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല.