കൊച്ചി
വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ ഭാരതം യോജിച്ചുനിന്നാൽ ഇന്ത്യ വിജയിക്കുമെന്നാണ് ‘ഇന്ത്യ’ കൂട്ടായ്മയുടെ മുദ്രാവാക്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ‘മലയാളമനോരമ’ സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വർഗീയാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരുടെ യോജിച്ച മുന്നേറ്റത്തിലൂടെ ചെറുത്തുതോൽപ്പിക്കലാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇതിലൂടെ മാത്രമേ ജനങ്ങൾക്ക് സമത്വവും സാമൂഹ്യനീതിയും രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കാനാകൂ. മതാഭിമുഖ്യത്തിലുള്ള രാഷ്ട്രരൂപീകരണത്തിനാണ് ആർഎസ്എസ് ശ്രമിച്ചത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും മതാടിസ്ഥാനത്തിലുള്ള ഭിന്നിപ്പിക്കലും പരസ്പരപോരാട്ടവും അവസാനിച്ചില്ല. അതിന്റെ തുടർച്ചയാണ് രാജ്യത്ത് ഇന്ന് കാണുന്നത്.
അന്യമതവിരോധത്തിലൂന്നിയ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഹിന്ദുത്വരാഷ്ട്രമായി ഇന്ത്യയെ മാറ്റാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. അതിനെ എതിർക്കുന്നവരെ യോജിപ്പിക്കാനും യഥാർഥ ഇന്ത്യ എന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരും.
തെരഞ്ഞെടുപ്പുവിജയത്തിന്റെമാത്രം അടിസ്ഥാനത്തിൽ രാജ്യത്തെ ഇടതുപക്ഷസ്വാധീനം അളക്കാനാകില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളാണ് ജനങ്ങൾക്കിടയിൽ വർഗീയതയ്ക്കെതിരായ അവബോധം വളർത്തിയത്. അടിയന്തരാവസ്ഥയ്ക്കുശേഷം ജനങ്ങൾക്കിടയിലുണ്ടായ മുന്നേറ്റമാണ് കോൺഗ്രസിതര സർക്കാരിന്റെ രൂപീകരണത്തിലേക്ക് നയിച്ചതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.