തിരുവനന്തപുരം
മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് വെള്ളിയാഴ്ച നൂറ് വയസ്സ്. സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിലെ ഈ നായകൻ, പാർടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 1964 ൽ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന രണ്ടുപേരിൽ ഒരാൾ. മറ്റൊരാൾ തമിഴ്നാട്ടിലെ ശങ്കരയ്യയാണ്.
ആരോഗ്യ പ്രശ്നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായതിനാൽ ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികൾ ഇല്ല. വീട്ടിൽ പായസം വയ്ക്കും. കേക്ക് മുറിക്കലുമുണ്ടാകും. മുതിർന്ന മാധ്യമപ്രവർത്തകൻ കെ വി സുധാകരൻ രചിച്ച വി എസ് അച്യുതാനന്ദന്റെ പൊതുപ്രവർത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം ” ഒരു സമര നൂറ്റാണ്ട് ‘ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിക്കും.
ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ആയിരുന്നു ജനനം. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ് 1940ൽ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്. ബ്രിട്ടീഷ് ഭരണത്തിൽ കയർ–-കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങൾക്ക് നേതൃത്വം നൽകി. കൊടിയ മർദനങ്ങൾക്കും ജയിൽവാസത്തിനും വിധേയനായി. 2019 ഒക്ടോബർ 24ന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലേക്കും പൂർണവിശ്രമത്തിലേക്കും മാറുകയായിരുന്നു.