തിരുവനന്തപുരം
ഇസ്രയേലിൽനിന്നുള്ള 22 മലയാളികൾകൂടി ബുധനാഴ്ച കേരളത്തിലെത്തി. ഇതോടെ വിദ്യാർഥികൾ ഉൾപ്പെടെ 97 മലയാളികളാണ് ഇസ്രയേലിൽനിന്ന് നാട്ടിൽ തിരിച്ചത്തിയത്.
“ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ചൊവ്വാഴ്ച ഡൽഹിയിലെത്തിയ അഞ്ചാം വിമാനത്തിലുണ്ടായിരുന്ന 22 പേരാണ് നോർക്ക റൂട്ട്സ് മുഖേന ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തിയത്. 14 പേർ രാവിലെ 7.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലും എട്ടുപേർ പകൽ 11.40നുളള വിസ്താര വിമാനത്തിൽ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവർക്ക് ഡൽഹിയിൽനിന്നുള്ള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോർക്ക റൂട്ട്സ് പ്രതിനിധികളായ ആഷ്ലി വർഗീസ്, ആർ രശ്മികാന്ത് എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ സംഘത്തെ എച്ച് മനോജ് കുമാർ, സി ആർ സുനിൽകുമാർ എന്നിവരുടെയും നേതൃത്വത്തിൽ സ്വീകരിച്ച് വീടുകളിലേക്ക് യാത്രയാക്കി.