തിരുവനന്തപുരം
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ സംസ്ഥാനത്ത് സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും. കേരള ഡെവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതിരേഖ അംഗീകരിച്ചാണ് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്.
സെന്ററിന്റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽനിന്ന് വിരമിച്ച ഡോ. സാബു തോമസിനെ ആദ്യ ഡയറക്ടറായി മൂന്ന് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി.
മൈക്രോബയോമിന്റെ ഭരണവകുപ്പായി കേരള സർക്കാരിന്റെ സയൻസ് ആൻഡ് ടെക്നോളജിവകുപ്പിനെ തീരുമാനിച്ചു. കിൻഫ്ര പാർക്കിലാകും പ്രാരംഭ പ്രവർത്തനത്തിനുള്ള ലാബ്. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമിച്ചു കഴിഞ്ഞാൽ അവിടേക്ക് മാറും.
ഗവേഷണത്തിന്റെ പ്രസക്തി
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷികമേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്സോ ബയോളജിവരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്രമേഖലകളിൽ പുതിയ ഡയഗ്നോസ്റ്റിക് ഇന്റർവെൻഷണൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ മൈക്രോബയോം സെന്റർ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
അന്തർ വൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉൽപ്പന്ന നിർമാണം എന്നിവ ഏകോപിപ്പിക്കാൻ കഴിയുന്ന ആഗോളകേന്ദ്രമാക്കി സെന്ററിനെ മാറ്റും.