കൊച്ചി
സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്ക് അരി ഒഴികെയുള്ള സാധനങ്ങൾ വാങ്ങാന് ഒരു വിദ്യാർഥിക്ക് എട്ടുരൂപയെന്ന തുക തികയാതെവന്നാൽ എന്തുചെയ്യണമെന്ന് വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിഹിതംകൂടി സംസ്ഥാന സർക്കാർ നൽകിയാൽ അത് തിരികെ നൽകുന്നതിന് നിയമതടസ്സമുണ്ടോയെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനോടും നിർദേശിച്ചു. ആർക്കും ഭാരമാകാതെ പദ്ധതി എങ്ങനെ നടപ്പാക്കുമെന്നാണ് പരിശോധിക്കുന്നതെന്നും ഇതിന്റെ പേരിൽ വിവാദത്തിന് ഉദ്ദേശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണപദ്ധതിയുടെ കുടിശിക ആവശ്യപ്പെട്ട് പ്രധാനാധ്യാപകർ നൽകിയ ഹർജി ജസ്റ്റിസ് ടി ആർ രവിയാണ് പരിഗണിച്ചത്. ഹർജി 26ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ഉച്ചഭക്ഷണപദ്ധതിക്ക് ഫണ്ടില്ലെങ്കിൽ സ്കൂൾ ഫണ്ടോ പിടിഎ ഫണ്ടോ ഉപയോഗിക്കാമെന്നും തുക പിന്നീട് സർക്കാർ നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. സെപ്തംബർ 30 വരെയുള്ള ഫണ്ട് സംസ്ഥാനം നൽകിയിട്ടുണ്ട്. ഹർജിക്കാരടക്കമുള്ളവർ യഥാസമയം ബിൽ നൽകുകയോ തുക കൈപ്പറ്റുകയോ ചെയ്തിട്ടില്ല.
ഉച്ചഭക്ഷണപദ്ധതിക്കുള്ള അരി സർക്കാരാണ് നൽകുന്നത്. ബാക്കിയുള്ളവ വാങ്ങാനാണ് എട്ടുരൂപ നിരക്കിൽ തുക നൽകുന്നതെന്നും സർക്കാർ വിശദീകരിച്ചു. പാചകവാതകമടക്കമുള്ളവയ്ക്ക് തുക തികയില്ലെന്നും മുട്ടയ്ക്കും പാലിനും വേറെ പണം വേണമെന്നും ഹർജിക്കാർ വ്യക്തമാക്കി. ഇതിന് സ്കൂൾ ഫണ്ടും പിടിഎ ഫണ്ടും ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഇത്തരം ഫണ്ടുകൾ എത്രയാണെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു.