തിരുവനന്തപുരം
എന്തിനെന്നറിയാത്ത സമരത്തിന് ആളെയെത്തിച്ച്, ജനങ്ങളെ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് ഉപരോധം. സമരത്തിന്റെ കാരണം എന്തെന്ന് പങ്കെടുത്ത അണികളെപ്പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന “പ്രത്യേകത’യോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സമരത്തിന്റെ പ്രതികരണം ആരാഞ്ഞ ചാനലുകാർക്ക് മുന്നിൽ എന്തിനാണ് വന്നതെന്ന് പറയാൻ കഴിയാതെ, നേതാക്കൾ വിളിച്ചുകൊണ്ട് ഇരുത്തിയതാണെന്ന് സ്ത്രീകൾ സത്യസന്ധമായി പറഞ്ഞതോടെ സമരത്തിന്റെ നിറം കെട്ടു. സെക്രട്ടറിയറ്റിലേക്ക് ആരെയും പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും 75 ശതമാനത്തിൽ അധികം ജീവനക്കാർ ജോലിക്കെത്തി. 3498 ജീവനക്കാരാണ് ചൊവ്വാഴ്ച ജോലിക്ക് ഹാജരായത്. 3808 ആയിരുന്നു തിങ്കളാഴ്ചത്തെ ഹാജർ. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും പതിവുപോലെ ഓഫീസിലെത്തി.
എംജി റോഡിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇത് രണ്ടാം തവണയാണ് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ജനം തെരുവിൽ വലഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എംഎം ഹസ്സൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.
അതിനിടെ, ഓഫീസിലേക്ക് നടക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ മാധ്യമ പ്രവർത്തകർ വളഞ്ഞു. പ്രതികരണത്തിന് തയ്യാറല്ലെന്ന് പറഞ്ഞിട്ടും പിറകെകൂടി ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് പ്രകോപിതനാകേണ്ടി വന്നുവെന്ന് എം സി ദത്തൻ പിന്നീട് പറഞ്ഞു. സംഭവത്തിന് പിന്നാലെ എം സി ദത്തനുനേരെ യുഡിഎഫ് കേന്ദ്രങ്ങളിൽനിന്ന് രൂക്ഷമായ സൈബർ ആക്രമണവും തുടങ്ങി. ലക്ഷങ്ങൾ ശമ്പളം വാങ്ങി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്നുവെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. ഒരു രൂപ പോലും പ്രതിഫലമില്ലാതെയാണ് അദ്ദേഹം ജോലി ചെയ്യുന്നത് എന്ന വസ്തുത മറച്ചുവച്ചാണ് പ്രചാരണം. 43 വർഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ജോലിചെയ്ത് ശ്രീഹരിക്കോട്ടയിൽ മുപ്പതിലധികം വിക്ഷേപണങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹത്തെ 2014ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു.