മലപ്പുറം
കഴിഞ്ഞതവണ കേരളം ഇരട്ട സ്വർണം നേടിയ വോളിബോൾ മത്സരം ഇത്തവണ ദേശീയ ഗെയിംസിൽ ഉണ്ടാകില്ല. വോളിബോൾ സംഘടനകളുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് കാരണം. വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയെ (വിഎഫ്ഐ) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) സസ്പെൻഡ് ചെയ്ത് അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്.
തർക്കമുണ്ടാകാതെ ദേശീയ ഗെയിംസിലേക്ക് എട്ട് ടീമുകളെ ശുപാർശ ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അഡ്ഹോക്ക് കമ്മിറ്റി അംഗമായ മുൻ രാജ്യാന്തര താരം എസ് ഗോപിനാഥ് പറഞ്ഞു. ‘അഡ്ഹോക് കമ്മിറ്റിക്ക് ദേശീയ ചാമ്പ്യൻഷിപ് നടത്താനായിട്ടില്ല. അതിനാൽ ദേശീയ ഗെയിംസിന് എട്ട് ടീമുകളെ കണ്ടെത്താൻ പ്രയാസമാകും’–- അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസിൽനിന്ന് വോളിബോൾ ഒഴിവാക്കിയതായുള്ള ഒളിമ്പിക് അസോസിയേഷന്റെ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനം വന്നിട്ടില്ല. ഗെയിംസ് തുടങ്ങാൻ ദിവസങ്ങൾമാത്രമേയുള്ളൂ.















